ഐ.എസിന്‍െറ പേരില്‍ അറസ്റ്റിലായവരെ മുഴുവന്‍ വിട്ടയക്കണം –മുസ്ലിം സംഘടനകള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഐ.എസ് ഇല്ളെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയശേഷവും നിരപരാധികളായ മുസ്ലിംകളെ ഐ.എസിന്‍െറ പേരില്‍ അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് വിവിധ മുസ്ലിം സംഘടനാനേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തെളിവില്ലാതെ ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റാരോപണങ്ങള്‍ പിന്‍വലിച്ച് വിട്ടയക്കണമെന്നും അവര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്, മുസ്ലിം മജ്ലിസെ മുശാവറ, ജംഇയ്യതുല്‍ ഉലമ ഹിന്ദ് (ഇരുവിഭാഗവും), ജംഇയ്യത്ത് അഹ്ലെ ഹദീസ്, ജമാഅത്തെ ഇസ്ലാമി എന്നിവയുടെ നേതാക്കള്‍ ന്യൂഡല്‍ഹി പ്രസ്ക്ളബില്‍ വിളിച്ചുചേര്‍ത്ത സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഈ ആവശ്യമുന്നയിച്ചത്. ആയിരത്തോളം ഭീകരക്കേസുകളില്‍ ഒരു ശതമാനംപോലും സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് കഴിയാതിരുന്നിട്ടും സംശയത്തിന്‍െറ പേരില്‍ മുസ്ലിംകളെ പിടികൂടുന്നത് തുടരുകയാണെന്ന് അവര്‍ വ്യക്തമാക്കി. 2014ല്‍ യു.എ.പി.എ പ്രകാരം കുറ്റം ചുമത്തി ജയിലിലടച്ച 141 മുസ്ലിംകളില്‍ 123 പേരും നിരപരാധികളാണെന്ന് കണ്ടത്തെി.
ഹുജി, ഇന്ത്യന്‍ മുജാഹിദീന്‍ ബന്ധമുണ്ടെന്ന് ആരോപിച്ച്  നിരവധിപേരെ അറസ്റ്റ് ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഈ സംഘടനകളുടെ ഇന്ത്യന്‍നേതാക്കളും ഭാരവാഹികളും ആരാണെന്നൊ ഓഫിസ് പ്രവര്‍ത്തിക്കുന്നത് എവിടെയാണെന്നൊ ഇതുവരെ പറയാന്‍ കഴിഞ്ഞിട്ടില്ല. 10ഉം 15ഉം വര്‍ഷം ജയില്‍വാസം അനുഭവിച്ചശേഷം ഭൂരിഭാഗവും നിരപരാധികളാണെന്ന് തെളിഞ്ഞ് പുറത്തുവരുമ്പോള്‍ അവരുടെയും കുടുംബങ്ങളുടെയും ജീവിതം തകരുക മാത്രമല്ല, അണിയറക്കുപിന്നില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ രക്ഷപ്പെടുകകൂടിയാണ് ചെയ്യുന്നതെന്ന് നേതാക്കള്‍ ഓര്‍മിപ്പിച്ചു. നേരത്തെ മുസ്ലിംബന്ധം ആരോപിക്കപ്പെട്ട മക്കാ മസ്ജിദ്, അജ്മീര്‍, സംഝോത ഭീകരാക്രമണങ്ങള്‍ നടത്തിയത് ഹിന്ദുത്വഭീകരര്‍ ആയിരുന്നുവെന്ന് പിന്നീട് കണ്ടത്തെി.  
സംശയത്തിന്‍െറ പേരിലുള്ള അറസ്റ്റ് അവസാനിപ്പിച്ച് തെളിവില്ലാതെ പിടികൂടിയ മുഴുവനാളുകളെയും അടിയന്തരമായി വിട്ടയക്കുക, കോടതി വെറുതെവിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്യുക, യു.എ.പി.എ-മകോക്ക നിയമങ്ങള്‍ പിന്‍വലിക്കുക, അന്യായമായി കേസില്‍ കുടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനിര്‍മാണം നടത്തുക, മനുഷ്യാവകാശ പ്രവര്‍ത്തകരും സിവില്‍സമൂഹ പ്രതിനിധികളും അടങ്ങുന്ന വിദഗ്ധസമിതിയുണ്ടാക്കി ഇത്തരം കേസുകള്‍ അവര്‍ക്ക് വിടുക, ഹിന്ദുത്വ ഭീകരശൃംഖലയെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുക, ഹിന്ദുത്വ ഭീകരക്കേസുകളില്‍പെട്ടവര്‍ക്ക് ജാമ്യത്തിന് അവസരമൊരുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അവസാനിപ്പിച്ച് എല്ലാ ഭീകരക്കേസുകളും അതിവേഗ കോടതികളില്‍ വിചാരണ നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് മുസ്്ലിം സംഘടനകള്‍ മുന്നോട്ടുവെച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.