ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കണമെന്ന് രാജ്നാഥ് സിങ്ങ്

ന്യൂഡല്‍ഹി: ജഹവര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്ങിന്‍റെ നിര്‍ദേശം. സര്‍ക്കാര്‍ ഒരിക്കലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കില്ല. സംഭവത്തില്‍ പങ്കാളികളായവര്‍ക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോവാന്‍ ഡല്‍ഹി പൊലീസിനോട് താന്‍ ആവശ്യപ്പെട്ടതായി രാജ്നാഥ് സിങ് പറഞ്ഞു.
പാര്‍ലമെന്‍റ് ആക്രമണ കേസില്‍ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ ജെ.എന്‍.യു കാമ്പസില്‍ നടത്തിയ പരിപാടിക്കെതിരെ ദേശദ്രോഹത്തിന് കേസ് എടുത്തിരുന്നു. ബി.ജെ.പി എം.പി മഹേഷ് ഗിരിയും വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയും നല്‍കിയ പരാതിയില്‍ രാജ്യദ്രോഹക്കുറ്റത്തിനു പുറമെ കുറ്റകരമായ ഗൂഢാലോചനയും ചുമത്തിയാണ് വസന്ത് കുഞ്ചിലെ ഒരാള്‍ക്കെതിരെ കേസ് എടുത്തത്. പരിപാടിയുടെ വിഡിയോ ഫൂട്ടേജ് പരിശോധിച്ച് കൂടുതല്‍ നടപടികള്‍ എടുക്കുമെന്നും ഡല്‍ഹി പൊലീസ് വക്താവ് രാജന്‍ ഭഗത് പറഞ്ഞു.
പരിപാടിയുടെ സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കും എതിരില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജെ.എന്‍.യു വൈസ് ചാന്‍സലര്‍ക്കും  ആഭ്യന്തര വകുപ്പിനും മഹേഷ് ഗിരി കത്തയച്ചിരുന്നു. അനുമതി പിന്‍വലിച്ചിട്ടും എങ്ങനെയാണ് ഇത്തരമൊരു പരിപാടി കാമ്പസില്‍ അരങ്ങേറിയതെന്ന്  അന്വേഷിക്കാന്‍ ജെ.എന്‍.യു അധികൃതര്‍ ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.