ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വിചാരണ കോടതിയിലെ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടേയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും അപേക്ഷ സുപ്രീംകോടതി നിരാകരിച്ചു. അതേസമയം, കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇരുവര്‍ക്കും കോടതി ഇളവ് നല്‍കി. നാഷണ്‍ ഹെറാള്‍ഡ് ദിനപത്രം സ്വന്തമാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഇരുവര്‍ക്കും കുറ്റകരമായ ഉദ്ദേശ്യമുണ്ടെന്ന ഡല്‍ഹി ഹൈകോടതിയുടെ പരാമര്‍ശം സുപ്രീംകോടതി റദ്ദാക്കി. കേസില്‍ വിചാരണ തുടങ്ങുന്നതിനു മുമ്പ് ഹൈകോടതി പരാമര്‍ശം നടത്തുന്നത് വിചാരണ കോടതിയിലെ നടപടിയെ ബാധിക്കുമെന്നും സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് സോണിയക്കും രാഹുല്‍ ഗാന്ധിക്കും ഇളവ് നല്‍കരുതെന്ന ഹരജിക്കാരനായ സുബ്രമണ്യംസ്വാമിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. സോണിയയും രാഹുലും പ്രമുഖ വ്യക്തികളാണെന്നും അവര്‍ ഓടിപ്പോവില്ളെന്നും സുപ്രീംകോടതി സ്വാമിയോട് പറഞ്ഞു. ഇരുവരും കോടതിയില്‍ വരുന്നതാണ് കൂടുതല്‍ കുഴപ്പമാവുകയെന്ന് കോടതി പറഞ്ഞപ്പോള്‍ കുഴപ്പം അവരുണ്ടാക്കുന്നതാണെന്നായിരുന്നു സ്വാമിയുടെ മറുപടി.
വിശ്വാസ വഞ്ചനയും ചതിയുമാണ് ഈ കേസിന് ആധാരമെങ്കില്‍ അതിന് ഇരയായ വ്യക്തിയാണ് കേസ് നല്‍കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. ഇവിടെ പരാതിക്കാരനായി സുബ്രമണ്യം സ്വാമി പോലും താന്‍ വഞ്ചിക്കപ്പെട്ടതായി ബോധിപ്പിച്ചിട്ടില്ളെന്ന് സിബല്‍ ചൂണ്ടിക്കാട്ടി.
വിചാരണ കോടതി നടപടിയില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ളെന്ന് ജസ്റ്റിസുമാരായ ജെ.എസ് ഖേക്കര്‍, സി. നാഗപ്പന്‍ എന്നിവര്‍ വ്യക്തമാക്കി. അതേസമയം, കേസില്‍ ഹൈകോടതി നടത്തിയ പരാമര്‍ശം റദ്ദാക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു. വിചാരണ കോടതിയിലെ കേസിനെതിരെ സോണിയയും രാഹുലും നല്‍കിയ അപ്പീല്‍ തള്ളി ഹൈകോടതി നടത്തിയ പരാമര്‍ശമാണ് സുപ്രീം കോടതി നീക്കം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.