എല്‍.പി.ജി സബ്സിഡി പരിധി: ആദ്യം 10 നഗരങ്ങളില്‍

ന്യൂഡല്‍ഹി: 10 ലക്ഷം രൂപക്കുമുകളില്‍ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് എല്‍.പി.ജി സബ്സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനം പെട്രോളിയം മന്ത്രാലയം ആദ്യം നടപ്പാക്കുക 10 മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍. ഡല്‍ഹി-എന്‍.സി.ആര്‍, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, പുണെ, കൊല്‍ക്കത്ത, അഹ്മദാബാദ്, ലഖ്നോ, ചണ്ഡിഗഢ് എന്നിവിടങ്ങളിലാണ് നിയമം ആദ്യഘട്ടത്തില്‍ നടപ്പാക്കുക. ഓട്ടോമേറ്റഡ് വോയ്സ് പ്രതികരണത്തിലൂടെയോ എസ്.എം.എസിലൂടെയോ സിലിണ്ടര്‍ നിറക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള ഫോണ്‍ കോളിലൂടെയോ ഉപഭോക്താക്കളുടെ വരുമാനം സംബന്ധിച്ച ഉത്തരം കിട്ടാനുള്ള ചോദ്യം ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ നടത്തുന്ന എണ്ണക്കമ്പനികള്‍ക്ക് പെട്രോളിയം മന്ത്രാലയം കഴിഞ്ഞയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇത് ആദ്യഘട്ടത്തില്‍ 10 വന്‍കിട നഗരങ്ങളില്‍ മാത്രം നടപ്പാക്കിയാല്‍ മതിയെന്നാണ് നിര്‍ദേശം.
നടപടിയെടുത്ത റിപ്പോര്‍ട്ട്  ഈ മാസം പകുതിയോടെ സമര്‍പ്പിക്കണം. അതിനുശേഷമായിരിക്കും അടുത്ത നടപടി. ഉയര്‍ന്ന വരുമാനം സംബന്ധിച്ച സാക്ഷ്യപത്രം നല്‍കാന്‍ ബി.പി.എല്‍ ഉപഭോക്താക്കളെയും നഗരങ്ങളിലെ പാവപ്പെട്ടവരെയും നിര്‍ബന്ധിക്കുന്നില്ളെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. നിലവില്‍ 10 ലക്ഷത്തിലേറെ വാര്‍ഷികവരുമാനമുള്ള ഉപഭോക്താക്കള്‍ വരുമാനം സംബന്ധിച്ച സാക്ഷ്യപത്രത്തില്‍ ഒപ്പിട്ടുനല്‍കണം. 10 ലക്ഷത്തിലേറെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് എല്‍.പി.ജി സബ്സിഡി നിര്‍ത്തലാക്കാനുള്ള പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍െറ തിരക്കുപിടിച്ചുള്ള തീരുമാനം പ്രശ്നങ്ങളുയര്‍ത്തിയ സാഹചര്യത്തിലാണ് പുതുക്കിയ ഉത്തരവ്. ധനമന്ത്രാലയത്തിന്‍െറയോ നിയമമന്ത്രാലയത്തിന്‍െറയോ അനുമതിയില്ലാതെയാണ് പ്രധാന്‍ തീരുമാനം കൈക്കൊണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.