അഭിഭാഷകരുടെ അഴിഞ്ഞാട്ടം: ഡൽഹിയിൽ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു

ന്യൂഡൽഹി: പട്യാല ഹൗസ് കോടതിയിൽ അഭിഭാഷകർ നടത്തിയ  കൈയേറ്റത്തിൽ ഡൽഹിയിലെ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു. നരേന്ദ്ര മോദി പ്രതികരിക്കൂ, സുപ്രീംകോടതി കണ്ണുതുറക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധത്തിൽ ഉയർന്നത്. തിങ്കളാഴ്ച പട്യാല ഹൗസ് കോടതിയുടെ അകത്തും പുറത്തുമാണ് അഭിഭാഷകർ മാധ്യമപ്രവർത്തകരെയും വിദ്യാർഥികളെയും അധ്യാപകരെയും കൈയേറ്റം ചെയ്തത്.

എൻ.ഡി.ടി.വിയുടെ ബർഖ ദത്ത്, ഇന്ത്യ ടുഡേയുടെ രാജ്ദീപ് സർദേശായി, സിദ്ധാർഥ് വരദരാജൻ, രവീഷ് കുമാർ, സി.എൻ.എൻ ഐ.ബി.എനിലെ സുഹാസിനി ഹൈദർ, സാഗരിക ഘോഷ് തുടങ്ങിയ മുതിർന്ന മാധ്യമപ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു. കൈയേറ്റത്തിൽ ഉത്തരവാദികളായ അഭിഭാഷകരെയും മറ്റുള്ളവരെയും ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ സുപ്രീംകോടതിക്ക് മെമറാണ്ടം സമർപ്പിച്ചു.

പൊലീസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ഡൽഹി പൊലീസ് കമീഷണർ ബി.എസ് ബസ്സി രാജിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
മാധ്യമപ്രവർത്തകരുടെ മറ്റൊരു സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഡൽഹി പൊലീസിൻെറ വിശ്വാസ്യത ഉറപ്പുവരുത്താൻ ഇടപെടണമെന്ന് സംഘം കേന്ദ്രമന്തിയോട് ആവശ്യപ്പെട്ടു. കോടതിയിൽ അതിക്രമം നടന്ന് 24 മണിക്കൂറിനുശേഷവും  ഒരാളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എൻ.യു വിദ്യാർഥി നേതാവ് കനയ്യ കുമാറിനെ കോടതിയിൽ ഹാജരാക്കുന്ന സമയത്താണ് നാടകീയ രംഗങ്ങളുണ്ടായത്. ഒരു പറ്റം അഭിഭാഷകർ വന്ദേ മാതരം, ഭാരത് മാതാ കീ ജയ് എന്നിവ വിളിച്ചായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. മാധ്യമപ്രവർത്തകർ, ജെ.എൻ.യുവിലെ വിദ്യാർഥികൾ, അധ്യാപകർ എന്നിവരെ ലക്ഷ്യം വെച്ചായിരുന്നു അഭിഭാഷകരുടെ അഴിഞ്ഞാട്ടം.

വിക്രം സിങ് ചൗഹാൻ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനൊപ്പം
 

അതേസമയം, കണ്ടാലറിയാത്തവർക്കെതിരെയാണ് പൊലീസ് കേസെടുത്തതെങ്കിലും ആക്രമണത്തിൽ പങ്കെടുത്ത അഭിഭാഷകനെ തിരിച്ചറിഞ്ഞു. വിക്രം സിങ് ചൗഹാനെയാണ് തിരിച്ചറിഞ്ഞത്.  ഇയാൾ ബി.ജെ.പി നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, മുതിർന്ന നേതാവ് എൽ.കെ അദ്വാനി എന്നിവരോടൊപ്പമുള്ള ചൗഹാൻെറ ചിത്രമാണ് ഓൺലൈൻ മാധ്യമങ്ങളിലൂടെ പുറത്തായിരിക്കുന്നത്. ഇന്നലെ ആക്രമങ്ങളിൽ പങ്കെടുത്ത പ്രധാനിയാണ് ചൗഹാൻ. ചൗഹാൻ ആളുകളെ അടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ചൗഹാൻ എൽ.കെ അദ്വാനിയോടൊപ്പം
 

താൻ തന്നെയാണ് അഭിഭാഷകരുടെ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ചൗഹാൻ എൻ.ഡി.ടിവിയോട് പറഞ്ഞു. എന്നാൽ ജെ.എൻ.യു അധ്യാപകർ തങ്ങളെ പ്രകോപിപ്പിക്കുകയായിരുന്നു. വിദ്യാർഥികളാണ് ആക്രമണങ്ങൾ ആരംഭിച്ചതെന്നും ഇയാൾ പ്രതികരിച്ചു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ ചൗഹാൻ, എന്നാൽ ബി.ജെ.പിയുടെ പരിപാടികൾക്ക് താൻ വാട്സ് ആപ്പിലൂടെ ആളുകളെ ക്ഷണിക്കാറുണ്ടെന്ന് ചൗഹാൻ വ്യക്തമാക്കി. തിങ്കളാഴ്ചയും സന്ദേശം അയച്ചിരുന്നുവെന്ന് ചൗഹാൻ പറഞ്ഞു.

ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ നടന്ന സംഭവങ്ങളിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. കോൺഗ്രസും എ.എ.പിയും ഇടതുപക്ഷ പാർട്ടികളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളും അധ്യാപകരും ക്ലാസുകൾ ബഹിഷ്കരിച്ചാണ് സമരം നടത്തുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.