മുംബൈ: സിവിൽ സർവിസ് ട്രെയ്നിയായ പൂജ ഖേദ്കറുടെ അമിതാധികാര പ്രയോഗ വിവാദത്തിൽ വെട്ടിലായി കുടുംബം. പൂജ മാത്രമല്ല, പിതാവ് ദിലീപ് ഖേദ്കറും അമ്മ മനോരമ ഖേദ്കറും നിയമനടപടികൾ നേരിടുകയാണ്. കർഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ അമ്മ മനോരമ അറസ്റ്റിലും പിതാവ് ദിലീപ് ഖേദ്കർ ഒളിവിലുമാണ്. മനോരമ അറസ്റ്റിലായതോടെ ദിലീപ് ഖേദ്കർ മുൻകൂർ ജാമ്യം തേടി. പൂജ അടക്കം ഖേദ്കർ കുടുംബം അനധികൃത സ്വത്ത് സമ്പാദ്യവുമായി ബന്ധപ്പെട്ട് അന്വേഷണവും നേരിടുന്നു. സിവിൽ സർവിസ് നേടി പുണെയിൽ ട്രെയ്നിങ്ങിനെത്തിയ പൂജയുടെ ആഡംബര മോഹവും അമിതാധികാരവുമാണ് ഇതിനെല്ലാം കാരണമായത്.
അസിസ്റ്റന്റ് കലക്ടർ ട്രെയ്നിയായി പുണെയിൽ ജോയന്റ് ചെയ്യും മുമ്പേ പൂജ തനിക്ക് പ്രത്യേക കാബിൻ, പേഴ്സനൽ സ്റ്റാഫ്, സർക്കാർ ബോർഡും ബീക്കണുമായി ആഡംബര കാർ തുടങ്ങിയവക്ക് വാശിപിടിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. പുണെ കലക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയതോടെ പൂജയെ വാഷിം ജില്ലയിലേക്ക് സ്ഥലം മാറ്റിയിരുന്നു. നിലവിൽ പരിശീലനം റദ്ദാക്കി പൂജയെ തിരിച്ചുവിളിച്ചിരിക്കുകയാണ്.
ഇതിനിടയിൽ, സിവിൽ സർവിസ് നേടാൻ പൂജ സമർപ്പിച്ച ഒ.ബി.സി ക്രീമിലയർ, കാഴ്ച വൈകല്യവുമായി ബന്ധപ്പെട്ട വൈദ്യ റിപ്പോർട്ട് എന്നിവ വ്യാജമാണെന്ന ആരോപണമുയർന്നു. വിവരാവകാശ പ്രവർത്തകൻ വിജയ് കുംഭാരെയാണ് ഇതിനു പിന്നിൽ. സ്വന്തമായി പൂജക്ക് 17 കോടി രൂപയോളം മൂല്യമുള്ള സ്വത്തും 42 ലക്ഷം വാർഷിക വരുമാനവുമുണ്ടെന്നാണ് ആരോപണം.
പിതാവും മുൻ മഹാരാഷ്ട്ര ഉന്നത സർക്കാർ ഉദ്യോഗസ്ഥനുമായ ദിലീപ് ഖേദ്കർക്ക് 42 കോടിയുടെ സ്വത്തുമുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അഹ്മദ്നഗറിൽ വഞ്ചിത് ബഹുജൻ അഘാഡി സ്ഥാനാർഥിയായിരുന്നു ദിലീപ്. തെരഞ്ഞെടുപ്പ് കമീഷന് ദിലീപ് സമർപ്പിച്ച രേഖകളിൽനിന്നാണ് പൂജയുടെതടക്കം സ്വത്ത് വിവരങ്ങൾ വിജയ് കുംഭാരെ കണ്ടെത്തിയത്. അവിഹിത സ്വത്ത് സമ്പാദ്യവുമായി ബന്ധപ്പെട്ട് ദിലീപിന് എതിരെ അന്വേഷണം നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.