വി.എസ് ഇന്ന് ജെ.എൻ.യുവിൽ; കനയ്യക്ക് വേണ്ടി പ്രശാന്ത് ഭൂഷൺ ഹാജരാകും

ന്യൂഡൽഹി: വിദ്യാർഥി-അധ്യാപക പ്രക്ഷോഭം രൂക്ഷമായ ജെ.എൻ.യു ക്യാമ്പസ് മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദൻ ഇന്ന് സന്ദർശിക്കും. വൈകീട്ട് 3.30നാണ് വി.എസിന്‍റെ സന്ദർശനം. ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് വി.എസ് സമരക്കാരെ അഭിവാദ്യം ചെയ്യുന്നത്. മുതിർന്ന രാഷ്ട്രീയ നേതാവായ വി.എസിന്‍റെ ക്യാമ്പസ് സന്ദർശനം സമരക്കാർക്ക് കൂടുതൽ ഊർജം പകരും.

അതേസമയം, പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കുന്നതിനെ തുടർന്ന് പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കുന്ന കനയ്യ കുമാറിന് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഹാജരാകും. കഴിഞ്ഞ ദിവസം കനയ്യ കുമാറിനെ കാണാൻ  പട്യാല ഹൗസ് കോടതി പരിസരത്ത് എത്തിയ വിദ്യാർഥികളെയും അധ്യാപകരെയും മാധ്യമപ്രവർത്തകരെയും ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തില്‍ ഒരു സംഘം അഭിഭാഷകർ ക്രൂരമായി മർദിച്ചിരുന്നു.

ഈ സംഭവം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാമെന്ന് മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടർന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കാമെന്ന് രജിസ്ട്രാർ അറിയിച്ചിട്ടുണ്ട്.

ബി.ജെ.പി നേതാക്കളായ ഒ.പി ശര്‍മ എം.എല്‍.എയുടെയും അഡ്വ. വിക്രം സിങ്ങിന്‍റെയും നേതൃത്വത്തില്‍ അഭിഭാഷകരും ഗുണ്ടകളും അടങ്ങുന്ന സംഘമാണ് പാട്യാല ഹൗസ് കോടതിയില്‍ ആക്രമണം അഴിച്ചുവിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.