ജെ.എൻ.യു സമരത്തിന് പിന്തുണയുമായി ചോംസ്കിയും പാമുകും

ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട കനയ്യ കുമാറിനും സമരരംഗത്തുള്ള ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കും പിന്തുണയുമായി ചിന്തകന്‍ നോം ചോംസ്കിയും നൊബേല്‍ ജേതാവ് ഒര്‍ഹന്‍ പാമുകും അടക്കമുള്ള പ്രമുഖര്‍. ഡല്‍ഹിയില്‍ അരങ്ങേറുന്ന സംഭവങ്ങളില്‍ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി പുറത്തിറക്കിയ പ്രസ്താവനയില്‍ വിദേശ സര്‍വകലാശാലകളിലെ പ്രഫസര്‍മാരും ശാസ്ത്രജ്ഞരും ഉള്‍പ്പെടെ 86 പേര്‍ ഒപ്പുവെച്ചിട്ടുണ്ട്.
ഇന്ത്യന്‍ സര്‍ക്കാറിന്‍െറ സ്വേച്ഛാധിപത്യ മനോഭാവവും ഭിന്നാഭിപ്രായ പ്രകടനം നടത്തുന്നവരോടുള്ള അസഹിഷ്ണുതയുമാണ് സംഭവത്തിലൂടെ പ്രകടമാകുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. കൊളോണിയല്‍ കാലത്തെ നിയമങ്ങളെ കൂട്ടുപിടിച്ച് വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ഉള്‍പ്പെടെ ചുമത്തുന്ന നടപടികളാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ജെ.എന്‍.യു കാമ്പസില്‍ പ്രവേശിക്കാന്‍ പൊലീസിന് അനുമതി നല്‍കിയതും തെളിവില്ലാതെ കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതും ഉള്‍പ്പെടെയുള്ള നാണംകെട്ട നടപടികളാണ് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടാവുന്നത്. അറസ്റ്റ് ചെയ്യപ്പെടേണ്ട വിധത്തിലുള്ള ഒരു പ്രസ്താവനയും കനയ്യ കുമാറിന്‍െറ പ്രസംഗത്തില്‍ ഇല്ളെന്ന് വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അക്രമത്തിന് പ്രേരണയാകുന്ന പ്രസ്താവനകളോ രാജ്യവിരുദ്ധ  പരാമര്‍ശങ്ങളോ അദ്ദേഹം നടത്തിയിട്ടില്ല. ഇത് ഇന്ത്യന്‍ സര്‍ക്കാറിന്‍െറ ഏകാധിപത്യ മനോഭാവമാണ് വെളിപ്പെടുത്തുന്നത്. പൊലീസ് നടപടി സര്‍ക്കാറിന് വലിയ അപകീര്‍ത്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയെയും ഇന്ത്യന്‍ സര്‍വകലാശാലകളുടെയും ഭാവിയെക്കുറിച്ച് ജാഗ്രതയുള്ളവരെല്ലാം ചെറുത്തുനില്‍പ്പുമായി രംഗത്തുവരണം. സമരരംഗത്തുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും പ്രസ്താവനയില്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.