പട്യാല ഹൗസ് കോടതിയിലെ സംഘർഷം: ആശങ്കയുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: പട്യാല ഹൗസ് കോടതി വളപ്പിൽ നടന്ന അനിഷ്ട സംഭവങ്ങളിൽ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി. അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നതെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു. കോടതികളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല. കോടതി അസ്ഥിരമായാൽ ഭരണസംവിധാനം തകരുന്ന സ്ഥിതിയുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.  

ജെ.എൻ.യു കേസുമായി ബന്ധപ്പെട്ട് ക്രമസമാധാനനില തകരുന്നതിൽ ആശങ്കയുണ്ട്. പ്രകോപനം കൂടാതെ ജെ.എൻ.യു യൂണിയൻ പ്രസിഡന്‍റ് കനയ്യ കുമാറിനെ ആർക്കു വേണമെങ്കിലും എതിർക്കാം. വിഷയം ഇനിയും വഷളാകരുത്. എല്ലാവരും മിതത്വം പാലിക്കണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

രാവിലെ കോടതി നടപടികൾ ആരംഭിച്ചപ്പോൾ ഒരു അഭിഭാഷകനാണ് വിഷയം സുപ്രീംകോടതിയുടെ മുമ്പാകെ അവതരിപ്പിച്ചത്. കനയ്യ കുമാറിന് മേൽ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഡൽഹി പൊലീസ് പിൻവലിക്കുകയാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. പൊലീസിന് മേൽ സമ്മർദം ഉണ്ടായതിനെ തുടർന്നാണ് പുതിയ നടപടിയെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി പ്രതികരിച്ചത്. കപിൽ സിബൽ അടക്കമുള്ള ആറംഗ അഭിഭാഷകസംഘം ബുധനാഴ്ച സമർപ്പിച്ച റിപ്പോർട്ട് ഉച്ചക്ക് രണ്ട് മണിക്ക് സുപ്രീംകോടതി പരിഗണിക്കും.

അതേസമയം, കനയ്യ കുമാറിന് എതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഡൽഹി പൊലീസ് ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കാമ്പസിനുള്ളില്‍ കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നതിന് വ്യക്തമായ തെളിവില്ലാത്ത സാഹചര്യത്തിലാണ് ഡൽഹി പൊലീസിന്‍റെ നടപടി.

രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ മതിയായ തെളിവുകളുണ്ടെന്നാണ് ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസി പ്രധാനമന്ത്രിയുടെ ഓഫിസിലെത്തി കഴിഞ്ഞ ദിവസം വിശദീകരിച്ചത്. ജെ.എന്‍.യുവില്‍ നടന്ന സംഭവങ്ങള്‍ക്ക് പുറത്തുനിന്ന് വ്യക്തമായ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും കനയ്യക്ക് ക്ലീൻചിറ്റ് നല്‍കാനാവില്ലെന്നും ബസി വ്യക്തമാക്കിയിരുന്നു.

അതിനിടെ, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മാധ്യമപ്രവർത്തകരും രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയെ സന്ദർശിക്കും. ജെ.എൻ.യു കാമ്പസിലെയും പട്യാല ഹൗസ് കോടതിയിലെയും അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ദർശനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.