രാഹുലും കെജ്രിവാളും രാഷ്ട്രപതിയെ കണ്ടു

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യുന്ന നടപടിയില്‍ ശക്തമായ പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടു. താളംതെറ്റിയ ചിന്താരീതി വിദ്യാര്‍ഥികള്‍ക്കുമേല്‍ അടിച്ചേല്‍പിക്കാനുള്ള ആര്‍.എസ്.എസ് ശ്രമം വലിയ കുറ്റകൃത്യമാണെന്ന് രാഹുല്‍ പറഞ്ഞു. ദേശീയത തന്‍െറ രക്തത്തില്‍തന്നെയുണ്ടെന്നും ദേശത്തിനുവേണ്ടി തന്‍െറ പ്രിയപ്പെട്ടവര്‍ ജീവന്‍ വെടിഞ്ഞിട്ടുണ്ടെന്നും പറഞ്ഞ രാഹുല്‍ ആരെങ്കിലും ദേശത്തിനെതിരെ പ്രവര്‍ത്തിച്ചാല്‍ നിയമപരമായ നടപടിയാണ് വേണ്ടതെന്നും അല്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നശിപ്പിക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തെ ഞെരിച്ചമര്‍ത്തുകയുമല്ല ചെയ്യേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിട്ടും പട്യാല കോടതിയില്‍ ആക്രമണം നടന്നതും ബി.ജെ.പി എം.എല്‍.എ ഒ.പി. ശര്‍മയെ വിലസാന്‍ വിട്ടതും അപലപനീയമാണെന്ന് കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.
മന്ത്രിസഭാംഗങ്ങള്‍ക്കൊപ്പം എത്തിയ കെജ്രിവാള്‍ ഡല്‍ഹിയിലെ ക്രമസമാധാനാന്തരീക്ഷം രാഷ്ട്രപതിയെ ധരിപ്പിച്ചു. സുപ്രീംകോടതി ഉത്തരവ് അതിന്‍െറ 200 മീറ്റര്‍ അകലെപ്പോലും ലംഘിക്കപ്പെട്ടതോടെ രാജ്യത്ത് നിയമവാഴ്ച ഇല്ല എന്ന കാര്യം വ്യക്തമായി തെളിഞ്ഞിരിക്കുകയാണ്. തന്‍െറ മന്ത്രിസഭാംഗമായ കപില്‍ മിശ്രക്കെതിരെ വധഭീഷണിയും മുഴക്കിയിട്ടുണ്ട്. ദേശവിരുദ്ധ മുദ്രാവാക്യം മുഴങ്ങിയത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍, മുദ്രാവാക്യം മുഴക്കിയ നാലുപേരെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്ത സര്‍ക്കാര്‍ പിന്നെങ്ങനെ പത്താന്‍കോട്ട് ആക്രമണത്തിനു പിന്നിലുള്ളവരെ കണ്ടത്തെുമെന്നും അദ്ദേഹം ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.