ന്യൂഡൽഹി: താൻ ബി.ജെ.പിയുടെ ശിങ്കിടിയല്ലെന്നും രാജ്യത്തെ സേവിക്കുകയാണ് ലക്ഷ്യമെന്നും ഡൽഹി പൊലീസ് കമീഷണർ ബി.എസ് ബസ്സി. രാഷ്ട്രീയ പാർട്ടികൾക്ക് അനുകൂലമായി താൻ സേവനം ചെയ്യുന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. തന്നെ നിയമിച്ചത് കോൺഗ്രസ് സർക്കാരാണെന്നും ബസ്സി ചൂണ്ടിക്കാട്ടി. ജെ.എൻ.യു സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ സി.എൻ.എൻ-ഐ.ബി.എൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനിക്കെതിരായ ആരോപണങ്ങൾ ബസ്സി നിഷേധിച്ചത്.
ജെ.എൻ.യു യൂണിയൻ പ്രസിഡന്‍റ് കനയ്യ കുമാറിന് നേരെ ആക്രമണം ഉണ്ടായിട്ടില്ല. ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട്. വൈദ്യപരിശോധന വഴി ഇത് സ്ഥിരീകരിക്കാവുന്നതാണ്. സംസാര സ്വാതന്ത്ര്യം എന്നത് കൊണ്ട് അർഥമാക്കുന്നത് ഭരണഘടന ലംഘനം നടത്തുകയല്ലെന്നും ബസ്സി ചൂണ്ടിക്കാട്ടി.
ഫെബ്രുവരി ഒമ്പതിന് ജെ.എൻ.യു കാമ്പസിൽ ഒരു സംഘം വിദ്യാർഥികൾ നടത്തിയത് രാജ്യദ്രോഹകരമായ പ്രവർത്തനങ്ങളാണ്. സാംസ്കാരിക പരിപാടി നടത്താനെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘാടകർ ജെ.എൻ.യു അധികൃതരിൽ നിന്ന് അനുമതി വാങ്ങിയത്. പരിപാടിക്കിടെ ദേശവിരുദ്ധ പ്രസംഗം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇത് രാജ്യദ്രോഹകുറ്റമാണെന്നും ബസ്സി പറഞ്ഞു.
മാധ്യമങ്ങൾ ഒരു പരിപാടിയോ വസ്തുതയോ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. അവർക്ക് ലഭിക്കുന്ന മാർഗനിർദേശങ്ങൾ പ്രകാരമാണ് ഒരു കാര്യം ശരിയാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത്. എന്നാൽ, പൊലീസിന് ശൂന്യതയിൽ നിന്ന് പ്രവർത്തിക്കാൻ സാധിക്കില്ല. രാജ്യത്ത് നിലവിലുള്ള നിയമം അടിസ്ഥാനമാക്കിയാണ് പൊലീസിന്‍റെ പ്രവർത്തനം. നിയമപ്രകാരമുള്ള നടപടികളെ പൊലീസിന് സാധിക്കൂവെന്നും ബസ്സി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.