ന്യൂഡല്‍ഹി: തന്‍റെ മകന്‍ ഒരു തീവ്രാദിയല്ല, അവന്‍ ഒരിക്കല്‍പോലും പാകിസ്താനില്‍ പോയിട്ടില്ല. അവന് പാസ്പോസ്പോര്‍ട്ട് പോലുമില്ല. എവിടെയാണെങ്കിലും മടങ്ങിവരണമെന്നാണ് ഞാന്‍ അവനോട് പറയുന്നത്. എന്നിട്ട് വിചാരണയെ നേരിടണം. എനിക്ക് ഇവിടുത്തെ ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്. അതോടൊപ്പം മകന്‍റെ സുരക്ഷയില്‍ പേടിയുമുണ്ട്. മതത്തിന്‍റെ പേരില്‍ ആണ് അവനെ ഉന്നമിടുന്നത് -ജെ.എന്‍.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്‍റെ പിതാവ് എസ്.ക്യൂ.ആര്‍ ഇല്യാസിന്‍റെയാണ് ഈ വാക്കുകള്‍.
ഫെബ്രുവരി ഒമ്പതിന് ജെ.എന്‍.യുവില്‍ നടന്ന പരിപാടിയുടെ സംഘാടകന്‍ എന്ന നിലയില്‍ ഡല്‍ഹി പൊലീസ് തിരയുന്ന വിദ്യാര്‍ഥികളില്‍ ഒരാളാണ് ഉമര്‍ ഖാലിദ്. 90റോളം വരുന്ന വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടിക്ക് കനയ്യ കുമാറും ഉമര്‍ ഖാലിദും ആണ് നേതൃത്വം കൊടുത്തത് എന്നും അഫ്സല്‍ ഗുരുവിനും മഖ്ബൂല്‍ ഭട്ടിനും അനുകൂലമായും പാകിസ്താന്‍ സിന്ദാബാദ് എന്നുമുള്ള മുദ്രാവാക്യം ഇവര്‍ വിളിച്ചതായും എഫ്ഐ.ആറില്‍ പറയുന്നു.
എന്നാല്‍, പരിപാടിയുടെ മുഖ്യ സംഘാടകന്‍ അല്ലാത്ത മകനെ മാത്രം ലക്ഷ്യമിട്ട് മാധ്യമങ്ങള്‍ അടക്കം നടത്തുന്ന പ്രചാരണങ്ങളില്‍ ഉമറിന്‍റെ പിതാവ് പ്രതിഷേധിച്ചു. തന്‍റെ പഴയ കാല സിമി പശ്ചാത്തലം വെച്ച് മകനെ വേട്ടയാടുകയാണെന്ന് സംശയിക്കുന്നതായി എസ്.ക്യു.ആര്‍ ഇല്യാസ് പറഞ്ഞു. 1985ല്‍ ഉമര്‍ ജനിച്ചതിനുശേഷം താന്‍ സിമി വിട്ടതാണെന്നും ഈ കാലഘട്ടത്തില്‍ സിമിക്കെതിരെയോ അതിലെ ഒരംഗത്തിനെതിരെയോ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ളെന്നും അദ്ദേഹം പറയുന്നു. പിന്നീട് 2001ല്‍ സിമി സംഘടനയെ നിരോധിക്കുകയും ചെയ്തു. എന്‍റെ പഴയ കാല പശ്ചാത്തലം വെച്ച് കമ്യൂണിസ്റ്റുകാരനായ എന്‍റെ മകനെ നിങ്ങള്‍ രാജ്യദ്രോഹിയാക്കുകയാണെങ്കില്‍ ചാനല്‍ സ്റ്റുഡിയോകളില്‍ നിങ്ങള്‍ക്കവനെ കൊണ്ട് വന്ന് വിചാരണക്ക് വിധേയനാക്കാം. അവനെ ഉന്നംവെച്ച് ദ്രോഹിക്കുന്നതിനേക്കാള്‍ ഭേദമാണതെന്നും അദ്ദേഹം പറയുന്നു. കുടുംബത്തിലെ ഏക അവിശ്വാസിയാണ് തന്‍റെ മകന്‍. കുടുംബ സുഹൃത്തുക്കള്‍ പോലും കമ്യുണിസ്റ്റ്, ഇടതുപക്ഷക്കാരന്‍,നിരീശ്വരവാദി എന്നിങ്ങനെയാണ് അവനെ വിശേഷിപ്പിക്കാറുള്ളത്.
അഫ്സല്‍ ഗുരു അനുസ്മരണ പരിപാടിയുടെ പത്ത് സംഘാടകരില്‍ ഒരാള്‍ മാത്രമായിരുന്നു ഉമര്‍ ഖാലിദ്. പരിപാടിയെകുറച്ചുള്ള പോസ്റ്റര്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും, അവന്‍റെ പേര് ഏഴാം സ്ഥാനത്താണ്. എന്നിട്ടും അവനെയാണ് മുഖ്യ സംഘാടകന്‍ ആയും രാജ്യദ്രോഹിയായും മുദ്ര കുത്തുന്നത്. ഞങ്ങളുടെ കുടുംബം തെറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ടാണ് ഞാന്‍ അഭിമുഖങ്ങള്‍ നല്‍കുന്നത്. അടുത്തതായി എന്നെ നിങ്ങള്‍ രാജ്യദ്രേഹിയാക്കുമോ എന്നും ഭയപ്പെടുന്നു.
രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്കു വേണ്ടി, കൃഷിക്കാര്‍ക്കും, ദലിതര്‍ക്കും വേണ്ടിയാണ് അവന്‍ പൊരുതുന്നത്. ഈ രാജ്യത്തു തന്നെ ജീവിച്ച് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആണ് അവന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ പാസ്പോട്ടുപോലും അവന്‍ എടുത്തിട്ടില്ല. മകന്‍ കീഴടങ്ങണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അവന് മതിയായ സുരക്ഷ ഒരുക്കണം. എസ്.എ.ആര്‍ ഗീലാനിയെ കോടതി കുറ്റവാളിയായി പ്രഖ്യാപിക്കില്ളെന്ന് കരുതുന്നതായും ഒരു അധ്യാപകന്‍ ആയതുകൊണ്ട് അദ്ദേഹവുമായി ബന്ധമുള്ള വിദ്യാര്‍ഥികളെയും ആ നിലക്ക് കോടതി കാണില്ളെന്നും ഇല്യാസ് പറയുന്നു.
ജാമിയ നഗറിലുള്ള അപ്പാര്‍ട്ട്മെന്‍റിലാണ് ഉമര്‍ ഖാലിദും കുടുംബവും താമസിക്കുന്നത്. സൗത്ത് ഡല്‍ഹിയിലെ ബന്യാന്‍ ട്രീ സ്കൂളില്‍ നിന്നായിരുന്നു ഉമര്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. 2009തില്‍ കിറോറിമാല്‍ കോളജില്‍ നിന്നും ചരിത്രത്തില്‍ ബിരുദവും നേടി. ജെ.എന്‍.യുവില്‍ നിന്നാണ് എം.എയും എം.ഫിലും കരസ്ഥമാക്കിയത്. ഝാര്‍ഖണ്ഡിലെ ആദിവാസികളുടെ പ്രശ്നങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയായിരുന്നു ഉമര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.