ന്യൂഡല്‍ഹി: കാമ്പസില്‍ സംഘടിപ്പിച്ച ചടങ്ങ് വിവാദമാവുകയും രാജ്യദ്രോഹ കേസിനു വഴിയൊരുക്കുകയും ചെയ്തതോടെ മാറിനിന്ന ഗവേഷണ വിദ്യാര്‍ഥി ഉമര്‍ ഖാലിദും സുഹൃത്തുക്കളും ഞായറാഴ്ച രാത്രി എട്ടോടെയാണ് കാമ്പസില്‍ തിരികെ എത്തിയത്. അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിനു സമീപം നടന്ന പരിപാടിയില്‍ സംബന്ധിക്കാനത്തെിയ നൂറിലേറെ വിദ്യാര്‍ഥികള്‍ക്കിടയില്‍ എത്തിയ ഉമറിനെ ‘ലാല്‍സലാം’ വിളികളോടെയാണ് സുഹൃത്തുക്കള്‍ എതിരേറ്റത്.
‘എന്‍െറ പേര് ഉമര്‍ ഖാലിദെന്നാണ്, ഞാനൊരു ഭീകരനല്ല’ എന്നു തുടങ്ങി പതിനഞ്ചു മിനിറ്റോളമാണ് നിലപാട് വ്യക്തമാക്കി ഉമര്‍ പ്രസംഗിച്ചത്. കാമ്പസിലും പുറത്തും തങ്ങള്‍ക്ക് പിന്തുണ നല്‍കിയ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നന്ദി പറഞ്ഞ ഉമര്‍ ആരോപണങ്ങളെയും പൊലീസ് വാദങ്ങളെയും ഖണ്ഡിച്ചു. ഇപ്പോള്‍ നടക്കുന്ന പോരാട്ടം അഞ്ചോ ആറോ പേര്‍ക്കു വേണ്ടിയല്ളെന്നും രാജ്യത്തിലെ ഓരോ സര്‍വകലാശാലകള്‍ക്കും സമൂഹത്തിനും വേണ്ടിയാണെന്നും ഉമര്‍ പറഞ്ഞു. എതിര്‍പ്പിന്‍െറ ശബ്ദമുയര്‍ന്നില്ളെങ്കില്‍ സമൂഹത്തിന്‍െറ ഭാവി ആശങ്കയിലാവും. താന്‍ രണ്ടു തവണ പാകിസ്താനില്‍ പോയെന്നും ഏതാനും ദിവസം കൊണ്ട് എണ്ണൂറിലേറെ ഫോണ്‍ വിളികള്‍ നടത്തിയെന്നുമുള്ള പ്രചാരണം സംബന്ധിച്ച് തനിക്ക് പാസ്പോര്‍ട്ട് ഇല്ളെന്നും ഇത്രയധികം കാളുകള്‍ ചെയ്യേണ്ട ആവശ്യമില്ളെന്നും ഉമര്‍ വ്യക്തമാക്കി.
ജയ്ശെ മുഹമ്മദുമായി ബന്ധമില്ളെന്ന് സര്‍ക്കാറും ഐ.ബിയും വ്യക്തമാക്കിയിട്ടും ക്ഷമാപണം നടത്താന്‍ തയാറാവാത്ത മാധ്യമങ്ങള്‍ക്ക് തങ്ങളെ കുറ്റവാളികളായി ചിത്രീകരിക്കാനാണ് താല്‍പര്യം. സര്‍ക്കാറുമായി ചേര്‍ന്ന് ആദിവാസിയെ മാവോവാദിയായും മുസ്ലിമിനെ തീവ്രവാദിയായും ചിത്രീകരിക്കുന്ന ശീലമുള്ള മാധ്യമങ്ങള്‍ ജെ.എന്‍.യുവുമായി ഏറ്റുമുട്ടിയ സ്ഥിതിക്ക് രക്ഷപ്പെടുമെന്നു കരുതേണ്ടെന്നും ഇല്ലാക്കഥകള്‍ കൊണ്ട് വേട്ടയാടപ്പെട്ടവരോട് ഉത്തരം പറയേണ്ടി വരുമെന്ന് കരുതിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. സ്വന്തം കാര്യമോര്‍ത്ത് തനിക്ക് ആശങ്കയില്ല. പിതാവിന്‍െറയും സഹോദരിയുടെയും പ്രതികരണങ്ങളും സഹോദരിമാരുടെ ഫേസ്ബുക് പേജുകളില്‍ സംഘ്പരിവാറുകാര്‍ നടത്തിയ ഭീഷണിയും അറിഞ്ഞപ്പോഴാണ് വിഷമം തോന്നിയത്. ബലാത്സംഗം ചെയ്യുമെന്നും ജീവനെടുക്കുമെന്നും ഭീഷണിപ്പെടുത്തിയവര്‍ ഒപ്പം ഭാരത്മാതാവിന് ജയ് വിളിക്കുന്നുമുണ്ട്.കാണ്ഡമാലില്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തവരും ഇങ്ങനെ ആര്‍ത്തുവിളിച്ചിരുന്നു. നിങ്ങള്‍ മുന്നോട്ടുവെക്കുന്ന ഭാരത്മാത ഇതാണെങ്കില്‍ അംഗീകരിക്കാന്‍ കഴിയില്ളെന്നു തുറന്നുപറയാന്‍ തെല്ലും മടിയില്ളെന്നും ഉമര്‍ പറഞ്ഞു.
പിതാവിനെ ഇന്‍റര്‍വ്യൂ എന്ന മട്ടില്‍ ചോദ്യം ചെയ്താണ് തനിക്ക് ഭീകരബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചത്. സീന്യൂസിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ടൈംസ് നൗവിലെ സഹോദരനും ജെ.എന്‍.യു വിദ്യാര്‍ഥി സമൂഹത്തോട് ഇത്രമാത്രം വിരോധം എങ്ങനെ വന്നുവെന്ന് പിടികിട്ടുന്നില്ല. ഏഴുവര്‍ഷമായി ജെ.എന്‍.യുവില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തവെ മുസ്ലിം ആണെന്ന് ചിന്തിക്കാതിരുന്ന താന്‍ പത്തു ദിവസം മുമ്പാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. ഇത്തരം വേട്ടയാടലുകള്‍ക്ക് മുസ്ലിംകളും ദലിതരും ആദിവാസികളും ഉള്‍പ്പെടെ കീഴാളവര്‍ഗങ്ങളെല്ലാം ഇരകളാണ്. പാകിസ്താന് സിന്ദാബാദ് വിളിച്ചെന്നാരോപിക്കുന്നവരോട് പറയാനുള്ളത് പാകിസ്താനും ഇന്ത്യയും തനിക്ക് ഒന്നുതന്നെയാണെന്നാണ്.
ഇരുരാജ്യങ്ങളുടെയും ഭരണക്കാര്‍ അമേരിക്കക്ക് ദല്ലാള്‍പണി ചെയ്യുകയാണ്, അമേരിക്കന്‍ താല്‍പര്യമനുസരിച്ച് രാജ്യത്തിന്‍െറ സമ്പത്തും സേവനതല്‍പരരായ യുവജനങ്ങളെയും ബഹുരാഷ്ട്ര കുത്തകകള്‍ക്ക് സമര്‍പ്പിക്കുന്ന സര്‍ക്കാറാണ് ദേശഭക്തി പഠിപ്പിക്കുന്നത്. ഇപ്പോള്‍ രാജ്യത്ത് ഏറ്റവും എളുപ്പമുള്ള കാര്യം ഒരാളെ ദേശവിരുദ്ധനാക്കുകയാണ്. ചിന്തിക്കാന്‍ തുനിയുന്നവരെയെല്ലാം ദേശവിരുദ്ധരായി മുദ്രകുത്തുന്നു. അധീനതയില്‍ സര്‍ക്കാറും പൊലീസും ഉള്ള അവര്‍ ഭീരുക്കളാകയാല്‍ നമ്മെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍, ഏറ്റവും കരുത്തുറ്റ കലാശാലയിലെ വിദ്യാര്‍ഥി സമൂഹത്തെ നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്നവര്‍ വ്യാമോഹത്തിലാണെന്നും ഉമര്‍ പറഞ്ഞൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.