ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; ആറുപേർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ആർമി ക്യാപ്റ്റൻമാരടക്കം ആറുപേർ മരിച്ചു. ക്യാപ്റ്റൻമാർക്ക് പുറമെ മൂന്ന് സി.ആർ.പി.എഫ് ജവാൻമാരും ഒരു നാട്ടുകാരനുമാണ് മരിച്ച മറ്റുള്ളവർ. ശനിയാഴ്ച വൈകീട്ട് ആരംഭിച്ച വെടിവെപ്പ് മൂന്നാം ദിനവും തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അഞ്ചു നില കെട്ടിടത്തിൽ ഒളിച്ചിരുന്ന തീവ്രവാദികൾ സൈനികരുടെ ബസിനുനേരെ ആക്രമം നടത്തുകയായിരുന്നു. തുടർന്ന് കെട്ടിടത്തിലുള്ള തീവ്രവാദികളെ തുരത്താനുള്ള ശ്രമത്തിനിടെയാണ് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടത്. കെട്ടിടത്തിൽ അഞ്ചോളം തീവ്രവാദികൾ ഇപ്പോഴും ഒളിച്ചിരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. വെടിവെപ്പിനെ തുടർന്ന് ജമ്മു-ശ്രീനഗർ ഹൈവേ അടച്ചിട്ടിരിക്കുകയാണ്.

പാരാ സ്പെഷ്യൽ ക്യാപ്റ്റൻ പവൻകുമാർ, ക്യാപ്റ്റൻ തുഷാർ മഹാജൻ, ലാൻസ് നായിക് ഓംപ്രകാശ് എന്നിവരാണ് വീരമൃത്യു വരിച്ച സൈനിക ഓഫീസർമാർ. ഞായറാഴ്ച പുലർച്ചെ കെട്ടിടത്തിനുള്ളിലേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് സൈനികർ കൊല്ലപ്പെട്ടത്. ജമ്മുകശ്മീർ ഒൻട്രപ്രണർഷിപ്പ് ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിലാണ് തീവ്രവാദികൾ ഇപ്പോൾ ഒളിച്ചിരിക്കുന്നത്.

26കാരനായ ക്യാപ്റ്റൻ തുഷാർ മഹാജൻ ജമ്മുവിലെ ഉധംപൂർ സ്വദേശിയാണ്. ക്യാപ്റ്റൻ പവൻകുമാർ (23) ആണ് കെട്ടിടത്തിൽ നിന്ന് തീവ്രവാദികളെ തുരത്താനുള്ള നീക്കം ആരംഭിച്ചത്. ലാൻസ് നായിക് ഓം പ്രകാശ് പ്രത്യേക സേനയിൽ നിന്നുള്ള ഓഫീസറാണ്. തീവ്രവാദികളുമായുണ്ടായ നേരിട്ടുള്ള ഏറ്റുമുട്ടലിലാണ് ഇദ്ദേഹം മരണംവരിച്ചത്. 32 കാരനായ ഓംപ്രകാശ് ഹിമാചലിലെ ഷിംല സ്വദേശിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.