ന്യൂഡല്‍ഹി: പട്യാല ഹൗസ് കോടതിയിലുണ്ടായ ആക്രമണത്തിനെതിരായ ഹരജികള്‍ അടിയന്തരമായി പരിഗണിക്കില്ളെന്ന് വ്യക്തമാക്കി സുപ്രീംകോടതി കേസ് മാര്‍ച്ച് 10ലേക്ക് മാറ്റി. ആക്രമണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കമീഷന്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്താമെന്നും ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, എ.എം. സപ്രെ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, രാജീവ് ധവാന്‍, ദുഷ്യന്ത് ദവെ, എ.ഡി.എന്‍. റാവു, അജിത് സിന്‍ഹ, ഹരിന്‍ റാവല്‍ എന്നിവരടങ്ങുന്ന ആറംഗ സുപ്രീംകോടതി കമീഷന്‍െറ റിപ്പോര്‍ട്ടിന് പുറമെ ഡല്‍ഹി പൊലീസും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഹൈകോടതി രജിസ്ട്രാറും പട്യാല ഹൗസ് അതിക്രമം സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് കടക്കാന്‍ തയാറല്ളെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജെ.എന്‍.യു വിദ്യാര്‍ഥികളും അധ്യാപകരും മാധ്യമപ്രവര്‍ത്തകരും പട്യാല ഹൗസ് കോടതിയില്‍ ആക്രമിക്കപ്പെട്ട സംഭവം മാത്രമാണ് പരിശോധിക്കുകയെന്ന് കോടതി പറഞ്ഞു.
അഭിഭാഷകര്‍ ഗുണ്ടകളായും ക്രിമിനലുകളായും ചിത്രീകരിക്കപ്പെടുന്നുണ്ടെന്നും അതിനെതിരെ കക്ഷിചേരാന്‍ അനുവദിക്കണമെന്നും കാണിച്ച് കാകര്‍ഡുമ ബാര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജികള്‍ തുടര്‍ന്ന് സുപ്രീംകോടതി തള്ളി. പട്യാല കോടതിയില്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അഡ്വ. വിക്രം സിങ് ചൗഹാന് കാകര്‍ഡുമ കോടതിയില്‍ അഭിഭാഷകര്‍ സ്വീകരണം ഒരുക്കിയിരുന്നു.
പട്യാല ഹൗസ് കോടതിയില്‍ 15നും 17നും ആക്രമണം നടത്തിയ അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ സുപ്രീംകോടതി തയാറായില്ല. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് ഈ ചോദ്യമുന്നയിച്ചത്. ‘കേസിലെ കക്ഷികളെല്ലാം വിവിധ റിപ്പോര്‍ട്ടുകള്‍ കാണട്ടെ, ഇന്ന് ഞങ്ങള്‍ ഇതേക്കുറിച്ച് ഒന്നും പറയുന്നില്ല’ എന്നായിരുന്നു ജസ്റ്റിസ് ജെ. ചെലമേശ്വറിന്‍െറ മറുപടി. ഈ റിപ്പോര്‍ട്ടുകളില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. കോടതി അതിക്രമവിഷയം അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെടരുതെന്നുകൂടി പറഞ്ഞാണ് കേസ് മാര്‍ച്ച് 10ലേക്ക് മാറ്റിയത്്.
അഭിഭാഷകരുടെയും ജാമ്യം നില്‍ക്കാന്‍ വരുന്നവരുടെയും ജീവന്‍ അപകടത്തിലായതിനാല്‍ ജാമ്യാപേക്ഷ സുപ്രീംകോടതിതന്നെ പരിഗണിക്കണമെന്ന കനയ്യ കുമാറിന്‍െറ ആവശ്യം സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. സുപ്രീംകോടതി ഉത്തരവിനുശേഷവും അസാധാരണവും പണ്ടുണ്ടാകാത്തതുമായ തരത്തില്‍ നീതിപാലനവും നീതിനിര്‍വഹണ സംവിധാനവും തകര്‍ന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ ഭരണഘടനയുടെ 32ാം അനുച്ഛേദപ്രകാരം ജാമ്യം തേടി പരമോന്നത കോടതിയെ സമീപിക്കുന്നതെന്ന് കനയ്യക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ രാജു രാമചന്ദ്രന്‍, രാജീവ് ധവാന്‍, സോളി സൊറാബ്ജി, വൃന്ദ ഗ്രോവര്‍ എന്നിവര്‍ വാദിച്ചെങ്കിലും ജസ്റ്റിസുമാരായ ചെലമേശ്വറും സപ്രെയും സ്വീകരിച്ചിരുന്നില്ല. ഹരജി പരിഗണിച്ചാല്‍ അത് പുതിയ കീഴ്വഴക്കത്തിന് തുടക്കംകുറിക്കുമെന്നും പിന്നീട് എല്ലാവരും കീഴ്കോടതികളിലേക്ക് പോകാതെ സുപ്രീംകോടതിയെ സമീപിക്കുന്ന സാഹചര്യം സംജാതമാകുമെന്നും പറഞ്ഞാണ് സുപ്രീംകോടതി രണ്ടു തവണ ആക്രമണം നടന്ന പട്യാല ഹൗസ് കോടതിയുടെ വിളിപ്പാടകലെയുള്ള ഹൈകോടതിയിലേക്ക് ജാമ്യാപേക്ഷയുമായി പോകാന്‍ കനയ്യയുടെ അഭിഭാഷകരോട് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.