കനയ്യ കുമാറിന്‍റെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും

ന്യൂഡൽഹി: രാജ്യദ്രോഹം കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് കന‍യ്യ കുമാറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡൽഹി ഹൈകോടതി ബുധനാഴ്ചത്തേക്ക് മാറ്റി. ജാമ്യാപേക്ഷയെ  ഡൽഹി പൊലീസ് എതിർത്തതോടെയാണ് ജാമ്യ ഹരജി പരിഗണിക്കുന്നത്  നീട്ടിയത്.
അന്വേഷണം എവിടെയെത്തിയെന്നത് സംബന്ധിച്ച റിപ്പോർട്ട് നാളെ സമർപ്പിക്കാനും കോടതി അഡീഷമൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെട്ടു. സീൽ ചെയ്ത കവറിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാമെന്ന് മേത്ത കോടതിയെ അറിയിച്ചു. എന്നാൽ മുദ്ര വെച്ച കവറിന്‍റെ ആവശ്യമില്ലെന്നും റിപ്പോർട്ട് സമർപ്പിച്ചാൽ മതിയെന്നും ബെഞ്ച് നിർദേശിച്ചു.
 
കനയ്യ കുമാർ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന റിപ്പോർട്ടാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.  ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വിഡിയോയിൽ കനയ്യ കുമാറിനെ വ്യക്തമായി കാണുന്നുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

അഫ്സൽഗുരു അനുസ്‌മരണ പരിപാടിക്ക് അനുമതി നിഷേധിച്ചിട്ടും കനയ്യ കുമാറിന്‍റെ നേതൃത്വത്തിൽ പരിപാടിയുമായി മുന്നോട്ട് പോവുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഡൽഹി പൊലീസിന്റെ ആദ്യ റിപ്പോർട്ടിന് കടകവിരുദ്ധമാണ് പുതിയ റിപ്പോർട്ടെന്നാണ് സൂചന. സീ ന്യൂസ് പുറത്ത് വിട്ട ദൃശ്യങ്ങൾ വ്യാജമാണെന്ന് ഇന്ത്യ ടുഡെയും എ.ബി.പി ചാനലും തെളിവ് സഹിതം പുറത്തുവിട്ടതിന് ശേഷമാണ് പൊലീസ് ഇത്തരത്തിൽ റിപ്പോർട്ട് നൽകിയത്. പൊലീസുകാർ ക്യാമ്പസിൽ ഉണ്ടായിരുന്നിട്ടും സീ ന്യൂസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നത് വിവാദമായിരുന്നു. കനയ്യ കുമാറടക്കം എട്ട് പേർ കുറ്റക്കാരാണെന്ന് സർവകലാശാല അധികൃതർ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതായാണ് പൊലീസ് പറയുന്നത്.

ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ക്കുമെന്ന് ഡല്‍ഹി പൊലീസിന്‍െറ അഭിഭാഷകന്‍ അഡ്വ. ശൈലേന്ദ്ര ബബ്ബാര്‍ വ്യക്തമാക്കിയിരുന്നു.
ജസ്റ്റിസ് പ്രതിഭ റാണിയുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

എന്നാൽ കനയ്യയുടെ ജാമ്യപേക്ഷയെ എതിർക്കില്ലെന്നായിരുന്നു കഴിഞ്ഞദിവസം പൊലീസ് കമീഷണർ ബി.എസ് ബസി പറഞ്ഞിരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.