മുസ് ലിംകളെ സംശയിച്ചാല്‍ കശ്മീരിനെ ഇന്ത്യക്ക് നിലനിര്‍ത്താനാവില്ല -ഫറൂഖ് അബ്ദുള്ള

 

ശ്രീനഗര്‍: രാജ്യത്തെ മുസ്ലിംകളെ  സംശയത്തോടെ കാണുകയാണെങ്കില്‍ ഇന്ത്യക്ക് കാശ്മീരിനെ നിലനിര്‍ത്താന്‍ കഴിയില്ളെന്ന് മുന്‍ ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള.
നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി ശൈഖ് നാസറിന്‍െറ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച്  പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് ഇന്ത്യയുടെ വര്‍ത്തമാന സാഹചര്യത്തില്‍ അസ്വസ്ഥനായ കശ്മീര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍.

പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിന്‍െറ അലാറം ഇന്ത്യയില്‍ മുഴങ്ങുന്നുണ്ട്. ഇത് നാം മനസ്സിലാക്കാതെ ഹിന്ദുവും മുസ്ലിമും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെ തുടര്‍ന്നു പോവുകയാണെങ്കില്‍ ഇന്ത്യക്ക് കാശ്മീരിനെ നഷ്ടപ്പെടും. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ളെങ്കിലും ഇതാണ് സത്യം.

ഇന്ന് മുസ്ലിംകളെയെല്ലാം സംശയത്തിന്‍്റെ കണ്ണോടെ ആണ് നോക്കുന്നത്. ഇവിടെയുളള മുസ്ലിംകള്‍ ഇന്ത്യക്കാരല്ളേ? അവര്‍ രാജ്യത്തിന് ഒരു ത്യാഗവും ചെയ്തിട്ടില്ളേ?  ഇന്ത്യാ-പാക് യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ആര്‍മിയിലെ ഉന്നത റാങ്കുകാരനായ ബ്രിഗേഡിയര്‍ ഉസ്മാനെ നിങ്ങള്‍ മറന്നു പോയോ? ഇന്ത്യക്ക് വേണ്ടിയാണ് അദ്ദേഹം ജീവത്യാഗം ചെയ്തത്.

മുസ്ലിംകളുടെ ഹൃദയത്തിലാണ് ഇന്ത്യ ജീവിക്കുന്നത്. ദൈവത്തെ ഓര്‍ത്ത് ഹിന്ദുവിന്‍െറയും മുസ്ലിമിന്‍െറയും പേരില്‍ രാജ്യത്തെ വിഭജിക്കരുത്. മഹാത്മാ ഗാന്ധിയും മൗലാനാ അബ്ദുല്‍ കാലാം ആസാദും, ശൈഖ് മുഹമ്മദ് അബ്ദുള്ളയും, ജവഹര്‍ലാല്‍ നെഹ്റുവും അങ്ങനെയുള്ള കുറേയെറെ പേരും ചേര്‍ന്ന് കെട്ടിപ്പടുത്ത ഇന്ത്യയല്ല ഇപ്പോള്‍ ഇത്.
ഞങ്ങളുടെയും നിങ്ങളുടെയും ദൈവങ്ങള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല.  എന്‍റെ രക്തം പച്ചയും മറ്റുള്ളവരുടേത് കാവിയും അല്ല. എല്ലാവരുടെയും രക്തം ചുവപ്പാണ്. നമ്മെയെല്ലാം ദൈവം ഒരു പോലെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭിന്നിപ്പിനെ ഇല്ലാതാക്കാനും ഹൃദയങ്ങളെ ഒന്നിപ്പിക്കാനുമാണ് നാം ശ്രമിക്കേണ്ടത് -അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.