ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ ഫെബ്രുവരി ഒമ്പതിന് നടന്ന രാജ്യദ്രോഹക്കുറ്റത്തിന് കാരണമായ പരിപാടി സംഘടിപ്പിച്ചത് ജിഹാദി-മാവോവാദി സഖ്യമാണെന്നും ഹൈദരാബാദ് അടക്കമുള്ള കേന്ദ്ര സര്‍വകലാശാലകളില്‍ ഈ സഖ്യം വളര്‍ന്നുവരുകയാണെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആരോപിച്ചു. രോഹിത് വെമുല, ജെ.എന്‍.യു വിഷയത്തില്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു ജെയ്റ്റ്ലി. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് തങ്ങളും ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കിയ ഇടതുപക്ഷ നേതാക്കളായ സീതാറാം യെച്ചൂരിയും ഡി. രാജയും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും കനയ്യയെ പോലെയുള്ളവരെ കേസില്‍ കുടുക്കിയതിനെയാണ് വിമര്‍ശിക്കുന്നതെന്ന് പറഞ്ഞു.
രാജ്യത്തെ അട്ടിമറിക്കണമെന്ന് ലക്ഷ്യമിടുന്ന ഇടതുപക്ഷ തീവ്രവാദികളും ജിഹാദിസ്റ്റ് തീവ്രവാദികളും കൈകോര്‍ത്താണ് ജെ.എന്‍.യുവില്‍ പരിപാടി സംഘടിപ്പിച്ചത്. ജിഹാദികളും മാവോവാദികളുമാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. അവരില്‍ മുഖംമറച്ചുവന്ന പുറത്തുനിന്നുള്ള ചില വിഘടനവാദികളുമുണ്ടായിരുന്നു. ‘ഭാരത് കോ ടുക്ഡേ ടുക്ഡേ ഇന്‍ശാ അല്ലാ ഇന്‍ശാ അല്ലാ’ എന്ന മുദ്രാവാക്യം വിളിച്ചത് ഇവരാണ്.
ജെ.എന്‍.യുവിലും ഹൈദരാബാദ് സര്‍വകലാശാലയിലും മനുവാദത്തിനും ജാതിവാദത്തിനുമെതിരായ പരിപാടിയാണെന്ന വാദവും ജെയ്റ്റ്ലി ഖണ്ഡിച്ചു. യാകുബ് മേമനും അഫ്സല്‍ ഗുരുവിനും വേണ്ടിയുള്ള പരിപാടികള്‍ എങ്ങനെയാണ് മനുവാദത്തിനും ജാതിവാദത്തിനുമെതിരായ പരിപാടിയാകുകയെന്ന് ജെയ്റ്റ്ലി ചോദിച്ചു.
ഫെബ്രുവരി ഒമ്പതിന് സംഘടിപ്പിച്ച പരിപാടിയുടെ ലഘുലേഖയിലെ കശ്മീരിനെയും അഫ്സല്‍ ഗുരുവിനെയും സംബന്ധിച്ച ഭാഗങ്ങള്‍ സഭയില്‍ വായിച്ച ജെയ്റ്റ്ലി ഇന്ത്യന്‍ ഭരണഘടന പ്രകാരം അനുവദിക്കാന്‍ കഴിയുന്നതല്ല ഇതെന്ന് വ്യക്തമാക്കി. വിദ്വേഷ പ്രസംഗം അഭിപ്രായസ്വാതന്ത്ര്യമാവില്ല. ഭരണകൂടത്തോട് നേരത്തെ മാവോവാദികളുടെ നിലപാട് പിന്തുടര്‍ന്ന സി.പി.എമ്മും സി.പി.ഐയും പില്‍ക്കാലത്ത് ജനാധിപത്യത്തിന്‍െറ വഴി തെരഞ്ഞെടുത്തതാണെന്നും അതില്‍പിന്നെ അവരും ഇടതുപക്ഷ തീവ്രവാദത്തെ എതിര്‍ക്കുന്നുണ്ടെന്നും ജെയ്റ്റ്ലി പറഞ്ഞപ്പോള്‍ സീതാറാം യെച്ചൂരിയും ഡി. രാജയും ശരിവെച്ചു.
മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെയുള്ള കേസല്ല കനയ്യക്കെതിരായ കേസിനെക്കുറിച്ചാണ് തങ്ങള്‍ പറയുന്നതെന്ന് രാജയും യെച്ചൂരിയും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും വ്യക്തത വരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.