കൃഷിയും കയറ്റുമതിയും തകര്‍ന്ന് പ്രതിസന്ധി രൂക്ഷമെന്ന് സാമ്പത്തിക സര്‍വെ

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷവും മുരടിപ്പിന്‍േറതാവുമെന്ന് സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വെച്ച സാമ്പത്തിക സര്‍വേ. നടപ്പു വര്‍ഷത്തേക്കാള്‍ വളര്‍ച്ചാ നിരക്ക് കുറയും. കയറ്റുമതിയും നിര്‍മാണ മേഖലയും കാര്‍ഷികോല്‍പാദനവും പിന്നോട്ടാണ്. വിഭവസമാഹരണം പരിമിതപ്പെട്ടുനില്‍ക്കെ, സബ്സിഡി വീണ്ടും ചുരുക്കണമെന്നും ഉദാരീകരണം വിപുലപ്പെടുത്തണമെന്നും സര്‍വേ നിര്‍ദേശിച്ചു.

ആഗോള സമ്പദ്രംഗം ഉലഞ്ഞുനില്‍ക്കുന്നതിനിടെ സേവന മേഖലയില്‍ മാത്രമാണ് വളര്‍ച്ചാ നിരക്ക് മെച്ചപ്പെട്ടത്. ചൈനയടക്കം മറ്റു രാജ്യങ്ങള്‍ പ്രതിസന്ധി നേരിടുമ്പോള്‍, ആഗോളമാന്ദ്യം ഇന്ത്യക്ക് അവസരമാകേണ്ടതാണ്. അടുത്ത രണ്ടു വര്‍ഷം കൊണ്ട് എട്ടു ശതമാനം വരെ വളര്‍ച്ചാ നിരക്ക് നേടാന്‍ കഴിയും. എന്നാല്‍, നടപ്പുവര്‍ഷം 7.6 വരെയത്തെുന്ന വളര്‍ച്ചാ നിരക്ക് 2016-17ല്‍ 7-7.5 ശതമാനത്തില്‍ ഒതുങ്ങും.

മാന്ദ്യം നിലനില്‍ക്കുന്ന അന്താരാഷ്ട്ര സമ്പദ്രംഗത്ത് വീണ്ടെടുപ്പ് തല്‍ക്കാലം പ്രയാസമാണെന്ന ആശങ്കയുണ്ട്. സബ്സിഡി വഴിയും മറ്റും ഖജനാവില്‍ നിന്നുള്ള വിഭവചോര്‍ച്ച നിയന്ത്രിച്ചേ മതിയാവൂ. ദരിദ്രവിഭാഗങ്ങള്‍ക്കെന്ന പേരില്‍ നല്‍കുന്ന സബ്സിഡിയുടെ നല്ളൊരുപങ്ക് മേല്‍ത്തട്ടുകാരാണ് കൊണ്ടുപോകുന്നത്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 4.2 ശതമാനവും സബ്സിഡിയിനത്തില്‍ നല്‍കുന്ന ഇന്ത്യ പ്രതിവര്‍ഷം സമ്പന്നര്‍ക്ക് നല്‍കുന്ന സബ്സിഡി ലക്ഷം കോടി രൂപയാണ്.

സ്വര്‍ണത്തിനും വിമാന ഇന്ധനത്തിനും കുറഞ്ഞ നികുതി മാത്രമാണ് ഈടാക്കുന്നത്. പാചകവാതക സബ്സിഡി നിയന്ത്രിക്കണം. പി.പി.എഫിനും ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്കും ഉയര്‍ന്ന പലിശ നല്‍കുന്നതു വഴി ബാങ്കുകള്‍ സ്ഥിരനിക്ഷേപത്തിന് ഉയര്‍ന്ന നിരക്ക് നല്‍കാനും വായ്പകള്‍ക്ക് കൂടുതല്‍ പലിശ ഈടാക്കാനും നിര്‍ബന്ധിതമാവുന്നു. ആനുകൂല്യം അക്കൗണ്ടിലേക്ക് നല്‍കുന്ന പദ്ധതി വിപുലപ്പെടുത്തുകയും ഗ്രാമീണര്‍ക്ക് ബാങ്കിങ് സേവനം ലഭിക്കാന്‍ പാകത്തില്‍ ബാങ്കിങ് കറസ്പോണ്ടന്‍റ്, മൊബൈല്‍ മണി തുടങ്ങിയ രീതികള്‍ വ്യാപകമാക്കുകയും വേണം. സേവന മേഖലയില്‍ മാത്രമല്ല കൃഷി, നിര്‍മാണ രംഗങ്ങളിലും കൂടുതല്‍ ഉദാരീകരണം വേണം. കാര്‍ഷിക മേഖലയില്‍ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ജനിതക വിളകള്‍ കൃഷി ചെയ്യാനും കൂടുതല്‍ ജലസേചന സൗകര്യം ഒരുക്കാനും ശ്രദ്ധിക്കണം.

രണ്ടു വര്‍ഷമായി വരള്‍ച്ച മൂലം വിളവെടുപ്പ് മോശമാണ്. ഇക്കൊല്ലവും കാര്‍ഷിക രംഗത്ത് മെച്ചപ്പെട്ട വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കേണ്ട. കൃഷിയെ കൈവിടരുത്. സംഭരണം ഊര്‍ജിതമാക്കിയില്ളെങ്കില്‍ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന് പ്രയാസം നേരിടും. ആഗോള ഡിമാന്‍ഡ് ഇല്ലാത്തതിനാല്‍ കയറ്റുമതി കുറഞ്ഞത് കോര്‍പറേറ്റ് മേഖലയുടെ കടം വര്‍ധിപ്പിച്ചു. ചരക്ക് സേവന നികുതി സമ്പ്രദായം നടപ്പാക്കാന്‍ കഴിയാത്തതടക്കം, പരിഷ്കരണ വേഗം കുറഞ്ഞു നില്‍ക്കുന്ന സാഹചര്യം നിരാശ നല്‍കുന്നതാണെന്നും സര്‍വേ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.