ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലാ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിശദീകരണങ്ങളില്‍ പാര്‍ലമെന്‍റിനെ തെറ്റിദ്ധരിപ്പിച്ച മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനിക്കെതിരെ അവകാശലംഘന പ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇടതുപാര്‍ട്ടികളടക്കം മറ്റു പ്രതിപക്ഷവും ഇതിന് ഒരുങ്ങുന്നുണ്ട്.
ജെ.എന്‍.യു വിദ്യാര്‍ഥി കനയ്യ കുമാറിനെയും മറ്റും ആക്രമിച്ച കേസിന്‍െറ വിചാരണ ഡല്‍ഹിക്കു പുറത്തേക്ക് മാറ്റണമെന്ന ആവശ്യവും കോണ്‍ഗ്രസ് ഉന്നയിച്ചു. കേന്ദ്രസര്‍ക്കാറിന്‍െറ നിയന്ത്രണത്തിലുള്ള സംവിധാനങ്ങള്‍ക്കു കീഴില്‍ ഈ കേസന്വേഷണവും നടപടികളും നിഷ്പക്ഷമാവില്ളെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. രോഹിത് വെമുല ദലിതനല്ളെന്നുവരെ വാദിക്കുകയാണ് സ്മൃതി ഇറാനി ചെയ്തതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, മറ്റു നേതാക്കളായ കുമാരി ശെല്‍ജ, മനീഷ് തിവാരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
മന്ത്രിയുടെ വാദം രോഹിതിന്‍െറ മാതാവായ രാധിക വെമുല തള്ളിക്കളഞ്ഞിട്ടുണ്ട്. രോഹിത് ആത്മഹത്യ ചെയ്ത ദിവസം പൊലീസിനെയോ ഡോക്ടറെയോ ഹോസ്റ്റല്‍ മുറിയില്‍ കടക്കാന്‍ അനുവദിച്ചില്ളെന്ന് സ്മൃതി ഇറാനി പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു. സംഭവദിവസം വൈകീട്ട് 7.20ന് പൊലീസ് എത്തിയപ്പോള്‍ മുറി തുറന്നനിലയിലായിരുന്നുവെന്നും മൃതദേഹം മേശപ്പുറത്ത് കിടത്തിയിരുന്നുവെന്നും തെലങ്കാന ഹൈകോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതായി മന്ത്രി വിശദീകരിച്ചു. എന്നാല്‍, രാത്രി എട്ടരക്ക് രോഹിതിന്‍െറ സഹോദരന്‍ രാജ ഹോസ്റ്റലില്‍ എത്തിയപ്പോള്‍ ഒരു ഡോക്ടറും പൊലീസുകാരനും മുറിക്കുള്ളിലുണ്ടായിരുന്നുവെന്ന് രാധിക വെമുല പറഞ്ഞിട്ടുണ്ട്.
മാനവശേഷി വികസന മന്ത്രാലയ ജോയന്‍റ് സെക്രട്ടറി എഴുതിയ കത്തിനെ തുടര്‍ന്നാണ് രോഹിതിനെയും കൂട്ടുകാരെയും ഹോസ്റ്റലില്‍നിന്ന് പുറത്താക്കിയതെന്ന് സഹപാഠികള്‍ വിശദീകരിക്കുന്നു. എന്നാല്‍, പിന്നാക്ക വിഭാഗ പ്രതിനിധികൂടി ഉള്‍പ്പെട്ട കലാശാലാ പ്രോക്ടോറിയല്‍ ബോര്‍ഡ് യോമാണ് പുറത്താക്കലിന് തീരുമാനിച്ചതെന്നതടക്കമുള്ള തെറ്റായ കാര്യങ്ങളാണ് സ്മൃതി ഇറാനി പാര്‍ലമെന്‍റില്‍ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് അവകാശലംഘന പ്രമേയം കൊണ്ടുവരുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇരുസഭകളിലും കൊണ്ടുവരുന്ന പ്രമേയം അംഗീകരിക്കപ്പെട്ടാല്‍ അവകാശലംഘന സമിതി മന്ത്രിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യും. യുക്തമായ നടപടിക്ക് ശിപാര്‍ശ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.