അശോക് ഖേംകക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം

ചണ്ഡിഗഢ്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ ഭൂമിയിടപാട് റദ്ദാക്കി വാര്‍ത്തകളില്‍ നിറഞ്ഞ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംകക്ക് സ്ഥാനക്കയറ്റം. ഹരിയാന സര്‍ക്കാറിന്‍െറ സെക്രട്ടറിയായിരുന്ന അശോക് ഖേംകയെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമിച്ചത്.  ചീഫ് സെക്രട്ടറി ഡി.എസ്. ദേശി അധ്യക്ഷനായ വകുപ്പുതല പ്രമോഷന്‍ കമ്മിറ്റി വ്യാഴാഴ്ചയാണ് സ്ഥാനക്കയറ്റം സംബന്ധിച്ച തീരുമാനമെടുത്തത്.
2012ല്‍ ഹരിയാനയിലെ ഭൂമി ഏകീകരണ വകുപ്പ് ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിക്കുമ്പോഴാണ്  റോബര്‍ട്ട് വാദ്രയും ഡി.എല്‍.എഫ് കമ്പനിയുമായുള്ള ഭൂമി കൈമാറ്റം ഇദ്ദേഹം റദ്ദാക്കിയത്. കൈമാറ്റത്തില്‍  റവന്യൂ രേഖകളിലെ ശീര്‍ഷകത്തിലെ മാറ്റം ഡി.എല്‍.എഫിന് അനുകൂലമാക്കിയത് നിയമവിരുദ്ധമാണെന്നാണ് ഖേംക കണ്ടത്തെിയത്. കൂടാതെ 2005നുശേഷം വാദ്ര നടത്തിയ ഭൂമിയിടപാടുകളെക്കുറിച്ചും അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഈ വിഷയത്തില്‍ ഖേംകക്കെതിരെ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എടുത്ത കേസ് രണ്ടു മാസം മുമ്പ് ഇപ്പോഴത്തെ ബി.ജെ.പി. സര്‍ക്കാര്‍ പിന്‍വലിച്ചിരന്നു. നിലവില്‍ സംസ്ഥാന പുരാവസ്തു-മ്യൂസിയം വകുപ്പ് ചുമതലയാണ് ഖേംക വഹിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.