രാമക്ഷേത്രത്തിന് രാജീവ് ഗാന്ധിയുടെ പിന്തുണയുണ്ടായിരുന്നുവെന്ന് സുബ്രമണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി തനിക്ക് പിന്തുണ വാഗ്ദാനം ചെയ്തതാണെന്നും ആ ദിശയില്‍ അദ്ദേഹം ചില ചുവടുവെപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ഡല്‍ഹി സര്‍വകലാശാലയില്‍ രാമക്ഷേത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. രാമക്ഷേത്രത്തെ പിന്തുണക്കുന്നെന്ന് രാജീവ് ഗാന്ധി വ്യക്തിപരമായി തന്നോട് പറഞ്ഞതാണ്.
രാമഭക്തര്‍ക്ക് പ്രാര്‍ഥന നടത്താന്‍ ബാബരി മസ്ജിദിന്‍െറ പൂട്ട് തുറന്നുകൊടുത്തതും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ട സ്ഥലത്ത് ശിലാന്യാസത്തിന് അനുമതി നല്‍കിയതും രാമക്ഷേത്രത്തിന് അനുകൂലമായ രാജീവ് ഗാന്ധിയുടെ നടപടികളായിരുന്നു. തുടര്‍ന്ന് ഫൈസാബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട രാജീവ് ഗാന്ധി രാമരാജ്യമാണ് തങ്ങള്‍ വിഭാവനം ചെയ്യുന്നതെന്ന് പറഞ്ഞതും ഇതുകൊണ്ടാണ്. തുടര്‍ന്ന് പ്രധാനമന്ത്രിയായ നരസിംഹ റാവുവും രാമക്ഷേത്രത്തിന് അനുകൂല സമീപനമാണ് കൈക്കൊണ്ടതെന്നും സ്വാമി തുടര്‍ന്നു.
പ്രാണ പ്രതിഷ്ഠാപൂജ നടത്തി ഒരു ക്ഷേത്രമുണ്ടാക്കിയാല്‍ അത് കാലാകാലം അങ്ങനെ തന്നെയായിരിക്കുമെന്നും രാമക്ഷേത്രത്തിന്‍െറ കാര്യത്തിലും അതേ തത്ത്വം ബാധകമാണെന്നും സ്വാമി പറഞ്ഞു.
രാമക്ഷേത്രമുണ്ടാക്കുകയെന്നത് സാമൂഹികനീതിയുടെ പ്രശ്നമാണെന്നും രാമന്‍ രാജ്യത്തിന്‍െറ പ്രചോദനമാണെന്നും സുപ്രീംകോടതിയിലെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കെ. രാജഗോപാല്‍ പറഞ്ഞു.
മക്ക മുസ്ലിംകള്‍ക്ക് വിശിഷ്ടമായതുപോലെ അയോധ്യ രാമഭക്തര്‍ക്ക് പ്രാണവായുവാണെന്ന് സതീഷ് മിത്തല്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.