മഹാവിഷ്ണുവായി ആമസോണ്‍ മേധാവിയുടെ കവർചിത്രം

ന്യൂഡൽഹി: ആമസോണ്‍ കമ്പനി മേധാവിയെ മഹാവിഷ്ണുവിന്‍റെ രൂപത്തില്‍ ഫോര്‍ച്യൂണ്‍ മാസികയുടെ കവര്‍ ചിത്രമാക്കിയതിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍. ആമസോണ്‍ സി.ഇ.ഒ. ജെഫ് ബെസോസ് ആണ് വിഷ്ണുവിന്‍റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. ജനുവരി ലക്കത്തിലെ ഫോര്‍ച്യൂണിന്‍റെ അന്താരാഷ്ട്ര പതിപ്പിലാണ് ചിത്രം അച്ചടിച്ചു വന്നത്. ‘ആമസോണ്‍ ഇന്ത്യ കീഴടക്കുന്നു’ എന്ന തലക്കെട്ടിൽ ആമസോണിന്‍റെ ഇന്ത്യയിലെ വളര്‍ച്ചയെ കുറിച്ചാണ് പുത‍ിയ ലക്കം പ്രതിപാദിക്കുന്നത്.  

കവര്‍ ചിത്രം ഹൈന്ദവരെയും ഹൈന്ദവ സംസ്‌കാരത്തെയും അപമാനിക്കുന്നതാണെന്ന് യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം അധ്യക്ഷന്‍ രജന്‍ സേഥ് ആരോപിച്ചു. മാഗസിന്‍റെ ആശയം പ്രകടിപ്പിക്കാന്‍ അനാവശ്യമായി ഹൈന്ദവ ദൈവങ്ങളെ വലിച്ചിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആസ്‌ട്രേലിയൻ ആര്‍ട്ടിസ്റ്റ് നൈജല്‍ ബക്‌നാൻ ആണ് വിവാദമായ കവര്‍ പേജ് ഡിസൈന്‍ ചെയ്തത്. ന്യൂയോര്‍ക്ക് ടൈംസ്, വാള്‍ സ്ട്രീറ്റ് ജേര്‍ണര്‍, ടൈം, എം.ടി.വി എന്നീ ലോകപ്രസിദ്ധ മാധ്യമങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ബക്‌നാൻ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ബിസിനസ് ടുഡെ മാഗസിന്‍റെ 2013 ഏപ്രിലിലെ പതിപ്പിലെ കവര്‍ പേജില്‍ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ മഹാവിഷ്ണുവിന്‍റെ രൂപത്തില്‍ അവതരിപ്പിച്ചത് വലിയ വിമർശത്തിനും കോടതി നടപടികൾക്കും വഴിവെച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തിയ കേസിൽ ധോണിയെ ജനുവരി 25നകം അറസ്റ്റ് ചെയ്യണമെന്ന് അനന്ത്പൂര്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.