ഡല്‍ഹി സര്‍ക്കാറിന്‍െറ വാഹനനിയന്ത്രണം സുപ്രീംകോടതി ശരിവെച്ചു

ന്യൂഡല്‍ഹി: മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയ ഒറ്റ-ഇരട്ട അക്ക വാഹനനിയന്ത്രണത്തിന് സുപ്രീംകോടതി പിന്തുണ. നിയന്ത്രണ പദ്ധതി ശരിവെച്ച ഡല്‍ഹി ഹൈകോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം പബ്ളിസിറ്റി സ്റ്റണ്ടാണെന്നു വിലയിരുത്തി തള്ളിയ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ച്, മലിനീകരണംമൂലം ആളുകള്‍ മരിക്കുന്ന സന്ദര്‍ഭത്തില്‍ നടപ്പാക്കുന്ന നിയന്ത്രണത്തോട് എല്ലാവരും സഹകരിക്കുകയാണ് വേണ്ടതെന്ന് വ്യക്തമാക്കി.  
നിയന്ത്രണം മാനിച്ച് ജഡ്ജിമാര്‍ ഉള്‍പ്പെടെ കാര്‍ പങ്കിട്ട് യാത്ര ചെയ്യുന്ന അവസ്ഥയില്‍ മലിനീകരണം തടയാനുള്ള ശ്രമങ്ങളെ  വിഫലമാക്കാനാണ് ഇത്തരം ഹരജികള്‍ ഉപകരിക്കുക. മെട്രോ റെയില്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ളവരോട് പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കാന്‍ ആവശ്യപ്പെടുമെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം ചിലര്‍ക്കെല്ലാം വിഷമം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും നയതീരുമാനത്തില്‍ ഇടപെടുന്നില്ളെന്നും നിയന്ത്രണവുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. ഡല്‍ഹി ഹൈകോടതി ജനുവരി 11ന് പുറപ്പെടുവിച്ച വിധിക്കെതിരെ ബി. ബദരീനാഥാണ് ഹരജി നല്‍കിയത്.
അതിനിടെ, ഒറ്റ-ഇരട്ട അക്ക വാഹനനിയന്ത്രണം മുംബൈയിലും നടപ്പാക്കണമെന്ന് ആവശ്യമുയര്‍ന്നു. മലിനീകരണം തടഞ്ഞ് നഗരത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഷബാദ് ഖാന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ബോംബെ ഹൈകോടതി ഫയലില്‍ സ്വീകരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.