സ്റ്റാര്‍ട്ട്അപ്പുകള്‍ എളുപ്പം തുടങ്ങാനും പൂട്ടാനും അവസരം വേണമെന്ന് സിലിക്കണ്‍വാലി സംരംഭകര്‍ 

ന്യൂഡല്‍ഹി: കമ്പനികള്‍ എളുപ്പം തുടങ്ങാനും ആദായകരമല്ളെങ്കില്‍ എളുപ്പം പൂട്ടാനും ഉതകും വിധം നടപടി ലളിതമാക്കണമെന്ന് സിലിക്കണ്‍ വാലിയിലെ സംരംഭകര്‍. പുതിയ  കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്റ്റാര്‍ട്ട് അപ് ഇന്ത്യയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ചര്‍ച്ചക്കത്തെിയ ഇന്ത്യന്‍ വംശജരായ വ്യവസായികളുടേതാണ് ആവശ്യം. അമേരിക്കയില്‍നിന്ന് പണമിറക്കാനുള്ള നൂലാമാല നീക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി നടത്തുന്ന കൂടിക്കാഴ്ചകളില്‍ ഈ നിബന്ധനകളാണ് ഇവര്‍ പ്രധാനമായും മുന്നോട്ടുവെക്കുക. 
മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ സിലിക്കണ്‍ വാലിയില്‍ വേദിയൊരുക്കിയ ഇന്ത്യന്‍ സംരംഭക കൂട്ടായ്മയായ ദ് ഇന്‍ഡസ് എന്‍റര്‍പ്രണേഴ്സ്  അധ്യഷന്‍ വെങ്കടേഷ് ശുക്ള, ജൂലൈ സിസ്റ്റംസ് കമ്പനി സി.ഇ.ഒ ബി.ജെ അരുണ്‍ വിനോദ് ദാം, കന്‍വല്‍ രേഖി എന്നിവരുള്‍പ്പെടെ 40 സംരംഭകരാണ് ഡല്‍ഹിയില്‍ എത്തിയത്.  
സിലിക്കണ്‍ വാലിക്കു സമാനമായ സാഹചര്യം ഇന്ത്യയിലുണ്ടെന്നും സംരംഭക സൗഹാര്‍ദ അന്തരീക്ഷമാണ് ഉറപ്പാക്കേണ്ടതെന്നും അതിനുള്ള ഇച്ഛാശക്തി മോദിക്കുണ്ട് എന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും ഇവര്‍ പറഞ്ഞു. ഒരു കമ്പനി തുടങ്ങാന്‍ മാസങ്ങളോ വര്‍ഷങ്ങളോ നീളുന്ന കടലാസുപണി വേണ്ട അവസ്ഥയാണ് ഇന്ത്യയില്‍. ഒറ്റ രാത്രിയില്‍ വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗകര്യമൊരുക്കണം. നഷ്ടം കുന്നുകൂടാന്‍ ഇടവെക്കാതെ വ്യവസായം അവസാനിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനും അവസരം ഒരുക്കണം. 
നികുതിവ്യവസ്ഥ മൂലം നിലവില്‍ ഇന്ത്യയിലെ  സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളില്‍ പണം നിക്ഷേപിക്കണമെങ്കില്‍ മൗറീഷ്യസ് വഴിയേ സാധ്യമാവൂ. എന്നാല്‍, ഓഹരി വിപണിയില്‍ നേരിട്ടു പണമിറക്കാന്‍ അനുമതിയുമുണ്ട്. അമേരിക്കയില്‍നിന്ന് നേരിട്ട് നിക്ഷേപം അനുവദിക്കുന്നപക്ഷം ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് പണം ചൊരിയാന്‍ ആയിരക്കണക്കിന് നിക്ഷേപകര്‍ തയാറാണ്. ജോലിസാധ്യതകളോ ക്രിയാത്മക സാധ്യതകളോ ഇല്ലാത്ത റിയല്‍ എസ്റ്റേറ്റ്, ഓഹരി വിപണികളിലാണ് ഇപ്പോള്‍ മിക്കവരും പണമിടുന്നത്. പണത്തിനു പുറമെ വേണ്ട പരിശീലനങ്ങളും മാര്‍ഗനിര്‍ദേശവും നല്‍കാന്‍ സിലിക്കണ്‍ വാലി തയാറാണ്. ഇന്ത്യക്കാരില്‍ ഒരു ശതമാനം പേര്‍ സംരംഭകര്‍ ആയാല്‍ രാജ്യത്തെ സാമ്പത്തിക പിന്നാക്കാവസ്ഥക്ക് പരിഹാരമാവും. 
ഡോ. മന്‍മോഹന്‍ സിങ്ങിന്‍െറ പത്തുവര്‍ഷമാണ് ഇന്ത്യയെ മുരടിപ്പിച്ചതെന്നും സോഷ്യലിസ്റ്റ് സങ്കല്‍പങ്ങളാണ് ഇന്ത്യയുടെ വ്യവസായ വളര്‍ച്ചക്ക് തിരിച്ചടിയായതെന്നും അവര്‍ പറഞ്ഞു. ചൈനയില്‍ കമ്യൂണിസം പുറംപൂച്ചിലൊതുങ്ങിയതുകൊണ്ടാണ് വളര്‍ച്ച സാധ്യമായതെന്നും അവര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.