ഡല്‍ഹി, ജെ.എന്‍.യു വി.സി നിയമനം: കേന്ദ്ര ഇടപെടലിനെതിരെ രാഷ്ട്രപതിക്ക് നിവേദനം

ന്യൂഡല്‍ഹി: ഡല്‍ഹി, ജെ.എന്‍.യു സര്‍വകലാശാലകളിലെ വി.സി നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നെന്നാരോപിച്ച് അക്കാദമിക വിദഗ്ധര്‍ രംഗത്ത്. വി.സി തെരഞ്ഞെടുപ്പുചട്ടം ലംഘിച്ച് മാനവശേഷി വികസനമന്ത്രാലയം നടത്തുന്ന ഇടപെടല്‍ തടയണമെന്നാവശ്യപ്പെട്ട് രണ്ടു സ്ഥാപനങ്ങളിലെയും അധ്യാപകര്‍ പ്രതിപക്ഷ നേതാക്കള്‍ മുഖേന രാഷ്ട്രപതിക്ക് നിവേദനം നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടി ജനതാദള്‍ യുനൈറ്റഡ് നേതാവ് കെ.സി. ത്യാഗി നല്‍കിയ നിവേദനത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാനവശേഷി മന്ത്രാലയത്തിന് കൈമാറിയതായി രാഷ്ട്രപതിയുടെ ഓഫിസ് അറിയിച്ചു.
വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ അക്കാദമിക സ്ഥാപനങ്ങളെ നശിപ്പിക്കുകയാണ് എന്‍.ഡി.എ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കെ.സി. ത്യാഗി പറഞ്ഞു. വി.സി സ്ഥാനത്തേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 10 വര്‍ഷം പ്രഫസറെന്ന നിലയില്‍ പരിചയം വേണമെന്ന നിബന്ധന നിയമാവലികളില്‍ പുതുതായി ചേര്‍ത്തത് പാര്‍ലമെന്‍റ് ആക്ട് പ്രകാരം സ്ഥാപിതമായ രണ്ടു സര്‍വകലാശാലകളുടെയും ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രാലയത്തിന്‍െറ പുതിയ നിര്‍ദേശം ഉള്‍ക്കൊള്ളിച്ച് രണ്ടു സര്‍വകലാശാലകളും കഴിഞ്ഞ ആഗസ്റ്റില്‍ പരസ്യം പ്രസിദ്ധീകരിച്ചിരുന്നു.
ഇതിനിടെ, പുതിയ മാനദണ്ഡമനുസരിച്ച് അപേക്ഷ അയച്ചവരില്‍നിന്ന് ഡല്‍ഹി സര്‍വകലാശാല സെര്‍ച് കമ്മിറ്റി ശിപാര്‍ശ ചെയ്തയാള്‍ക്കെതിരെ സ്ത്രീസംഘടനകള്‍ രംഗത്തത്തെി. നിര്‍ദേശിക്കപ്പെട്ട വ്യക്തിക്കെതിരെ ലൈംഗികാതിക്രമ കേസുണ്ടെന്നും അത്തരമൊരാളെ വി.സി നിയമനത്തിന് പരിഗണിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ബോംബെ ഐ.ഐ.ടി ഭരണസമിതിയില്‍നിന്ന് ആണവശാസ്ത്രജ്ഞന്‍ അനില്‍ കകോദ്കറും ഡല്‍ഹി ഐ.ഐ.ടി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രഘുനാഥ് കെ. ശിവ്ഗാവങ്കറും രാജിവെച്ച വിവാദത്തിന് പിന്നാലെയാണ് അക്കാദമികരംഗത്ത് പുതിയ വിവാദം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.