ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: കേന്ദ്രമന്ത്രിക്കും വി.സിക്കും എതിരെ കേസ്

ഹൈദരാബാദ്: ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി സസ്പെന്‍ഡ് ചെയ്ത ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര തൊഴില്‍ സഹമന്ത്രി ബണ്ഡാരു ദത്താത്രേയ, വൈസ് ചാന്‍സലര്‍ അപ്പാ റാവു പോദിലെ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മന്ത്രിക്കും വി.സിക്കും പുറമേ പ്രാദേശിക ബി.ജെ.പി എം.എല്‍.സി എന്‍. രാമചന്ദ്ര റാവു, എ.ബി.വി.പി പ്രവര്‍ത്തകരായ സുശീല്‍ കുമാര്‍, കൃഷ്ണ ചൈതന്യ എന്നിവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ പിഎച്ച്.ഡി വിദ്യാര്‍ഥിയായിരുന്ന ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശി രോഹിത് വെമുലയെ (25) ഞായറാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. ആത്മഹത്യാക്കുറിപ്പെഴുതി വെച്ച ശേഷമായിരുന്നു രോഹിതിന്‍െറ മരണം. ‘എന്‍െറ ജനനം തന്നെയാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. പുറമേ കാണുന്ന സ്വത്വത്തിലും ഏറ്റവുമടുത്ത സാധ്യതകളിലുമൊതുക്കി ഒരു മനുഷ്യന്‍െറ മൂല്യം ചുരുക്കുകയാണ്; ഒരു വോട്ടിലേക്ക്, ഒരു അക്കത്തിലേക്ക്, അല്ളെങ്കില്‍ ഒരു വസ്തുവിലേക്ക്. എന്നാല്‍, ഒരു മനുഷ്യനെ ഒരു മനസ്സെന്ന നിലയില്‍ ഒരിക്കലും പരിഗണിക്കുന്നേയില്ല’ എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ രോഹിത് കുറിച്ചിട്ടത്.

രോഹിത് അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍െറ (അസ) പ്രവര്‍ത്തകനായിരുന്നു. ബി.ജെ.പിയുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് രോഹിതിനെയും മറ്റ് നാലുപേരെയും വൈസ് ചാന്‍സലര്‍ അപ്പാ റാവു പോദിലെ സസ്പെന്‍ഡ് ചെയ്തിരുന്നു. ബണ്ഡാരു ദത്താത്രേയയാണ് രോഹിതിനും കൂട്ടര്‍ക്കുമെതിരെ മാനവ വിഭവശേഷി മന്ത്രാലയത്തിന് പരാതി നല്‍കിയത്. രോഹിതിന്‍െറ മരണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ഹൈദരാബാദില്‍ പ്രകടനം നടത്തി. ഡല്‍ഹി യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളും പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങി. 

ഹൈദരാബാദ് യൂനിവേഴ്സിറ്റി കാമ്പസില്‍ നാടകീയമായ രംഗങ്ങളാണ് തിങ്കളാഴ്ച അരങ്ങേറിയത്. ഇന്‍ക്വസ്റ്റ് തയാറാക്കാനായി വന്ന പൊലീസിനെ തടഞ്ഞ വിദ്യാര്‍ഥികള്‍ മൃതദേഹം ഹോസ്റ്റല്‍ മുറിയില്‍നിന്ന്  പുറത്തെടുക്കാന്‍ അനുവദിക്കാതെ താഴിട്ട് പൂട്ടി. രോഹിതിന് നീതി ഉറപ്പാക്കിയ ശേഷമേ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കൂ എന്നായിരുന്നു വിദ്യാര്‍ഥികളുടെ വാദം. ഒടുവില്‍, ബലം പ്രയോഗിച്ച് ഹോസ്റ്റല്‍ മുറിയില്‍ കടന്നാണ് പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയത്. മരണവാര്‍ത്ത യൂനിവേഴ്സിറ്റി തങ്ങളെ അറിയിച്ചില്ളെന്ന് രോഹിതിന്‍െറ മാതാവ് പരാതിപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.