രോഹിത്, ജാതി വിവേചനത്തിന്‍റെ ഒമ്പതാമത്തെ ഇര

ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട  ഗവേഷണ വിദ്യാർഥി രോഹിത് വെമുല ഇത്തരത്തിൽ ജീവിതമവസാനിപ്പിക്കുന്ന ആദ്യ വിദ്യാർഥിയല്ലെന്ന് റിപ്പോർട്ട്. സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പത്ത് വർഷത്തിനിടെ ജാതി വിവേചനത്തിന്‍റെ ഇരകളായത് ഒമ്പത് ദലിത് വിദ്യാർഥികളാണ്.

രോഹിത് വെമുലക്ക് മുൻപ് എട്ട് ദലിത് വിദ്യാർഥികളുടെ ജീവൻ പൊലിഞ്ഞിട്ടും ഇക്കാര്യത്തിൽ യൂണിവേഴ്സിറ്റിയുടെ ശ്രദ്ധ പതിഞ്ഞിട്ടില്ലെന്നും കാമ്പസിൽ നിലനിൽക്കുന്ന ജാതി വിവേചനത്തിന്‍റെ രാഷ്ട്രീയത്തെക്കുറിച്ച് ഇനിയും അധികൃതർ ബോധവാൻമാരായിട്ടില്ലെന്നും യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റ് സുഹൈൽ കെ.പി പറഞ്ഞു.

കാമ്പസിൽ നിലനിൽക്കുന്ന രൂക്ഷമായ ജാതി പ്രശ്നം, അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കേണ്ട വിഷയമായി ഉയർത്തിക്കൊണ്ട് വന്നിരിക്കുകയാണ് രോഹിതിന്‍റെ മരണം. ദലിത് വിദ്യാർഥികളെ അധ:കൃത വിഭാഗമായാണ് ഇന്നും കരുതിപ്പോരുന്നതെന്ന് അധ്യാപകരും പറയുന്നു.

പ്രസ്കൗൺസിൽ മുൻ ചെയർപേഴ്സൺ മാർക്കണ്ഡേയ കട്ജു ഫേസ്ബുക് വാളിൽ ഇങ്ങനെ പ്രതികരിച്ചു:  

'ദലിതരെ കാമ്പസുകളിലെ താഴ്ന്ന വിഭാഗക്കാരായാണ് ദലിതരല്ലാത്ത വിദ്യാർഥികൾ ഇപ്പോഴും കണക്കാക്കിപ്പോരുന്നത്. പല സന്ദർഭങ്ങളിലും ഇവർ അവഹേളനത്തിന് ഇരയാക്കപ്പെടുന്നു. ഇത് ദേശീയ അപമാനമാണ്. ഈ ഫ്യൂഡൽ മാനസികാവസ്ഥ മാറ്റിയെടുക്കാതെ നമ്മുടെ രാജ്യത്തിന് പുരോഗതി കൈവരിക്കാനാകില്ല.'

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.