രോഹിതിന്‍റെ മരണത്തിന് വി.സിയും കേന്ദ്രമന്ത്രിയും ഉത്തരവാദികൾ -രാഹുൽ

ഹൈദരാബാദ്: സസ്പെൻഡ് ചെയ്ത ദലിത് ഗവേഷക വിദ്യാർഥി രോഹിത് വെമുലയുടെ ആത്മഹ്ത്യയെ തുടർന്ന് പ്രതിഷേധം ശക്തമാകുന്നതിനിടെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഹൈദരാബാദ് സർവകലാശാല സന്ദർശിച്ചു. രോഹിതിന്‍റെ മരണത്തിന് വി.സിയും കേന്ദ്രമന്ത്രിയുമാണ് കാരണക്കാരെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാല അധികാരം ഉപയോഗിച്ച് വിദ്യാർഥികളെ അടിച്ചമർത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സംഭവത്തിന് പിന്നിലുള്ളവർക്ക് തക്കതായ ശിക്ഷ നൽകണം. രോഹിതിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം.അത് രോഹിത്തിനെ ബഹുമാനിക്കുന്നതിന് തുല്യമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

രോഹിതിന് വേണ്ടിയാണ് താനിവിടെ വന്നിരിക്കുന്നത്. പ്രതിഷേധം നടത്തുന്ന നിങ്ങളാരും ഒറ്റക്കല്ല. നിങ്ങൾക്കൊപ്പം രാജ്യത്തെ സർവകലാശാലകളെല്ലാം ഒരുമിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മതത്തിന്‍റെയും ജാതിയുടെയും പേരിൽ വിദ്യാർഥികൾക്ക് അവഗണന നേരിടുന്നതിനെതിരെ നിയമ നിർമാണം കൊണ്ടുവരേണ്ടതുണ്ട്. രോഹിതിന്‍റെ കുടുംബത്തിനും ഇവിടെ പ്രതിഷേധപ്രകടനം നടത്തുന്നവർക്കും വേണ്ടി എപ്പോഴും തന്‍റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും തന്നെ കൊണ്ട് കഴിയുന്ന രീതിയിൽ സഹായിക്കുമെന്നും രാഹുൽഗാന്ധി വ്യക്തമാക്കി. രോഹിത് വെമുലയുടെ കുടംബത്തെ സന്ദർശിച്ച രാഹുൽ സമരം നടത്തുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മടങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.