'ഒരോ വീടും ഒരു യാകൂബ് മേമനെ ഉയര്‍ത്തിക്കൊണ്ടുവരും' -അതാണ് ഞങ്ങളെ അസ്വസ്ഥപ്പെടുത്തിയത്'

ഹൈദരാബാദ്: 'അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരായ രോഹിത് വെമുലയും കൂട്ടുകാരും ഭീകരവാദിയായ യാക്കൂബ് മേമൻെറ തൂക്കിക്കൊല്ലലിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. മേമനു വേണ്ടി അവര്‍ മയ്യിത്തും നമസ്കരിച്ചിരുന്നു. ആര്‍ക്കു വേണമെങ്കിലും  അതിനെതിരെ പ്രതിഷേധിക്കാം, രചനാത്മകമായ സംവാദമൊക്കെ നല്ലതുതന്നെയാണ്. എന്നാല്‍ ഓരോ വീടും ഒരു യാക്കൂബ് മേമനെ ഉയര്‍ത്തിക്കൊണ്ട് വരിക തന്നെ ചെയ്യും എന്ന അവരുടെ പ്രസ്താവന ഞങ്ങളെയാകെ അസ്വസ്ഥപ്പെടുത്തിയിരുന്നു'. ബി.ജെ.പിയുടെ വിദ്യാർത്ഥി വിഭാഗമായ എ.ബി.വി.പിയുടെ നേതാവായ സുശീല്‍ കുമാറിൻെറ വാക്കുകളാണിവ.

ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ജീവനൊടുക്കിയ രോഹിത് വെമുലയൂടെ മരണത്തിൻെറ ഉത്തരാവാദികളില്‍ ഉയര്‍ന്നു കേട്ട പേരാണ് സുശീല്‍കുമാര്‍. ആഗസ്റ്റിലാണ് ഇയാള്‍ രോഹിത് വെമുലയും മറ്റ് നാലു പേരും തന്നെ ആക്രമിച്ചെന്നാരോപിച്ച് പോലീസിൽ കേസ് ഫയല്‍ ചെയ്തത്. യൂണിവേഴ്സിറ്റിയുടെ സസ്പെന്‍ഷനും വെമുലയുടെ  ആത്മഹത്യക്കുമാണ് ഇത് കാരണമായത്. സംഭവത്തില്‍ കേന്ദ്രസഹമന്ത്രി ബന്ദാരു ദത്താത്രയയൂടെയും, മാനവവിഭവവകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെയും പങ്ക് പിന്നീട് പുറത്ത് വന്നു.

രോഹിതിനെയും കൂട്ടുകാരെയും അന്ന് വിഢ്ഡികളെന്നു വിളിച്ചു ഞങ്ങള്‍ കളിയാക്കിയിരുന്നു. അതിനെ തുടര്‍ന്ന്  രാത്രി അവര്‍ വന്ന് എന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും  അന്നു തന്നെ  ആശുപത്രിയിലാവുകയും ചെയ്തുവെന്നാണ് ഇയാള്‍ പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ സംഭവം നടന്നതായി പറയുന്ന രണ്ട് ദിവസം കഴിഞ്ഞാണ് വയറിന് അസുഖവുമായി എത്തിയ ഇദ്ദേഹം ആശുപത്രിയില്‍ പ്രവേശിച്ചതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്തരം നിസ്സാര കാര്യങ്ങള്‍ക്ക് ആത്ഹത്യയില്‍ അഭയം പ്രാപിക്കുന്ന ആളല്ല രോഹിത് വെമുലയെന്നും അദ്ദേഹം  നിരാശയിലേക്കു പോകാനുള്ള കാരണമെന്തെന്നുള്ള ചോദ്യമാണ് ഞങ്ങള്‍ ഉയര്‍ത്തുന്നതെന്നും സുശീല്‍ കുമാര്‍ ഇന്നു വ്യക്തമാക്കി. 'അക്കാര്യം കൃത്യമായി അന്വേഷിച്ച് യഥാര്‍ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരണം, യൂണിവേഴിസിറ്റിയുടെ സസ്പെന്‍ഷന്‍ നടപടി ആത്മഹത്യ ചെയ്യാനുളള ഒരു കാരണമല്ല, അങ്ങനെയാണെങ്കില്‍ രോഹിതിൻെറ കൂടെയുള്ളവര്‍ എന്തുകൊണ്ട് ആ വഴി ചിന്തിച്ചില്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഹിത് ആത്മഹത്യ ചെയ്യുന്നതിന് ഒരു മാസം മുമ്പാണ് സര്‍വ്വകലാശാല വിദ്യാർത്ഥികളെ സസ്പെന്‍റ് ചെയ്തത്. ക്ലാസില്‍ കയറാന്‍ കഴിഞ്ഞിരുന്നുവെങ്കിലും ഹോസ്റ്റലും, ലൈബ്രറിയും, കഫ്തീരിയയുമുള്‍പ്പെടെയെല്ലാം വിദ്യാർത്ഥികൾക്ക് അധികൃതർ വിലക്ക് ഏർപെടുത്തിയിരുന്നു.

 

 

 

 

 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.