ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: വി.സിയെ ബലിയാടാക്കി മന്ത്രിമാരെ രക്ഷിക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ദലിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതിക്കൂട്ടിലായ കേന്ദ്രമന്ത്രിമാരായ ബന്ദാരു ദത്താത്രേയ, സ്മൃതി ഇറാനി, വൈസ് ചാന്‍സലര്‍ അപ്പാറാവു എന്നിവരുടെ നില കൂടുതല്‍ പരുങ്ങലിലായി. വ്യാഴാഴ്ചയുണ്ടായ മൂന്ന് വിഷയങ്ങളാണ് ഇവരെ കടുത്ത പ്രതിസന്ധിയിലാക്കിയത്.

ഒന്ന്: കേന്ദ്രസര്‍ക്കാറിന്‍െറയും സര്‍വകലാശാല അധികൃതരുടെയും നടപടി ന്യായീകരിച്ച് കഴിഞ്ഞദിവസം സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ മന്ത്രിസംഘം പ്രത്യേക വാര്‍ത്താസമ്മേളനം നടത്തി നല്‍കിയ വിശദീകരണങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സര്‍വകലാശാലയിലെ ദലിത് അധ്യാപകര്‍ ഭരണപരമായ പദവികള്‍ രാജിവെച്ചു. രണ്ട്: വൈസ് ചാന്‍സലര്‍ അടക്കം ഇതുവരെ നല്‍കിപ്പോന്ന വിശദീകരണങ്ങള്‍ തിരുത്തുന്നവിധം, അഞ്ച് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്ത നടപടി എക്സിക്യൂട്ടിവ് കൗണ്‍സില്‍ പിന്‍വലിച്ചു. മൂന്ന്: പാര്‍ലമെന്‍റ് പാസാക്കിയ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധ ബില്‍ രാഷ്ട്രപതി വിജ്ഞാപനം ചെയ്തിട്ടില്ളെന്ന ഒറ്റക്കാരണത്തിന്‍െറ ബലത്തിലാണ് തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ അറസ്റ്റിന്‍െറ വക്കില്‍നിന്ന് ഒഴിവായി നില്‍ക്കുന്നത്.

മൂന്നുപേരെയും പദവിയില്‍ നിലനിര്‍ത്തി തടിയൂരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവൃത്തിയില്ലാത്ത സ്ഥിതിയിലേക്ക് വിവിധ കാമ്പസുകളിലെ അന്തരീക്ഷം സര്‍ക്കാറിനെതിരായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മന്ത്രിമാരെ രക്ഷപ്പെടുത്താന്‍ പാകത്തില്‍ വൈസ് ചാന്‍സലര്‍ അപ്പാറാവുവിനെ ബലിയാടാക്കാനാണ് നീക്കം.
ബന്ദാരു ദത്താത്രേക്കൊപ്പം സ്മൃതി ഇറാനിയെയും മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യമുന്നയിച്ചിരിക്കുകയാണ്. സ്മൃതി ഇറാനി ആര്‍.എസ്.എസ് താല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്നാണ് ആക്ഷേപം. സര്‍വകലാശാലയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ന്യായീകരിച്ച വി.സി അപ്പാറാവുവിന്‍െറ ഭരണരീതി വ്യാപകമായി വിമര്‍ശിക്കപ്പെടുകയാണ്.

 അഞ്ച് ദലിത് വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ സര്‍വകലാശാല പിന്‍വലിച്ചതോടെ, രോഹിതിന്‍െറ ആത്മഹത്യക്ക് വി.സി അടക്കമുള്ളവരുടെ തീരുമാനങ്ങളാണ് കാരണമായതെന്ന യാഥാര്‍ഥ്യമാണ് പുറത്തുവരുന്നത്. അപ്പാറാവുവിനെ പദവിയിലിരുത്തി ഹൈദരാബാദ് സര്‍വകലാശാലയില്‍ സമാധാനാന്തരീക്ഷം ഉണ്ടാക്കാന്‍ കഴിയില്ളെന്ന പ്രശ്നവും വി.സിയുടെ കസേര തെറിക്കുമെന്ന കാര്യം ഉറപ്പിക്കുന്നു. ബന്ദാരുവിനും സ്മൃതി ഇറാനിക്കും ആര്‍.എസ്.എസിന്‍െറ പിന്തുണയുണ്ടെന്നിക്കേ, അവരുടെ രാജി ഒഴിവാക്കാനും ഇതൊരു പോംവഴിയായി ബന്ധപ്പെട്ടവര്‍ കാണുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.