പത്താൻകോട്ടിൽ നിന്ന് പോയ ടാക്സി കാറിൻെറ ഡ്രൈവർ കൊല്ലപ്പെട്ട നിലയില്‍; കാർ കാണാതായി

ന്യൂഡല്‍ഹി: ഭീകരാക്രമണം നടന്ന പത്താൻകോട്ടിൽ നിന്നും നിന്ന് പോയ ടാക്സി കാറിൻെറ ഡ്രൈവറെ ഹിമാചല്‍ പ്രദേശിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാര്‍ കണ്ടെത്താനായിട്ടില്ല. ഇതേതുടർന്ന് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങുന്ന ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മൂന്നു പേരാണ് പത്താൻകോട്ടിൽ നിന്നും കാർ വിളിച്ചത്. ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ ഡൽഹി പൊലിസ് പുറത്തുവിട്ടു. ഹിമാചൽ പ്രദേശിലെ കംഗയിലാണ് ഡ്രൈവർ വിജയകുമാറിൻെറ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഇന്തോ-ടിബറ്റന്‍ പൊലീസ് ഐ.ജിയുടെ ഔദ്യോഗിക കാര്‍ മോഷണം പോയിരുന്നു. ഡല്‍ഹിക്ക് സമീപം നോയിഡയില്‍ നിന്നാണ് ബുധനാഴ്ച പുലര്‍ച്ചെ മുതിര്‍ന്ന പൊലീസ് ഓഫീസറുടെ നീല ബീക്കണ്‍ ലൈറ്റുള്ള കാര്‍ മോഷ്ടിക്കപ്പെട്ടത്. ഐ.ടി.ബി.പി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആനന്ദ് സ്വരൂപിൻെറ സി.എച്ച്01 ജി.എ 2915 നമ്പറുള്ള ടാറ്റ സഫാരിയാണ് വസതിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്. പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നാലെ നടന്ന സംഭവങ്ങൾ സുരക്ഷാ ഏജന്‍സികളെ പരിഭ്രാന്തിയിലാക്കി. പത്താന്‍കോട്ടിൽ ഭീകരര്‍ എത്തിയത് പൊലീസ് സൂപ്രണ്ട് സല്‍വീന്ദര്‍സിങ്ങിൻെറ കാര്‍ തട്ടിയെടുത്തായിരുന്നു. ഇന്നലെ പത്താന്‍കോട്ടിനടുത്ത് പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരാള്‍ ബി.എസ്.എഫുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് പേരാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.ഇതിലൊരാളാണ് ബി.എസ്.എഫിന്റെ വെടിയേറ്റ് മരിച്ചത്. മറ്റ് രണ്ട് പേര്‍ ഓടിപ്പോയെന്നാണ് സൂചന.

റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ, ഇന്ന് ബെംഗളൂരുവില്‍ ഐ.എസ് ബന്ധം ആരോപിച്ച് ആറുപേരെ കസ്റ്റഡിയിലെടുത്തു. എന്‍.ഐ.എയുടേയും കര്‍ണാടക പൊലീസിൻെറയും സംയുക്ത സംഘമാണ് ഇവരെ പിടികൂടിയത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.