മോദിയുടെ ചടങ്ങിൽ വിദ്യാർഥികളുടെ പ്രതിഷേധം

ലഖ്നോ: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചടങ്ങിനിടെ പ്രതിഷേധപ്രകടനം. ഇതത്തേുടര്‍ന്ന്, കേന്ദ്രമന്ത്രിമാര്‍ക്കെതിരെ ആരോപണമുയര്‍ന്ന വിഷയത്തില്‍ ഇതാദ്യമായി പ്രധാനമന്ത്രി മൗനംവെടിഞ്ഞു. രോഹിതിന്‍െറ കുടുംബത്തിന്‍െറ വേദനയില്‍ പങ്കാളിയാവുകയാണെന്നും മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വേദന തനിക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കേന്ദ്രമന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങളിലേക്കൊ രാഷ്ട്രീയ വിവാദത്തിലേക്കൊ അദ്ദേഹം കടന്നില്ല.
ലഖ്നോവിലെ ബാബാസാഹേബ് ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ നടന്ന ബിരുദദാന ചടങ്ങിനിടെയായിരുന്നു സംഭവം. മുഖ്യാതിഥിയായിരുന്ന മോദിയെ സംസാരിക്കാന്‍ ക്ഷണിച്ചയുടന്‍ സദസ്സിന്‍െറ പിന്‍നിരയിലിരുന്നിരുന്ന രാം കരണ്‍, അമരേന്ദ്ര കുമാര്‍ ആര്യ എന്നീ വിദ്യാര്‍ഥികള്‍ മോദിവിരുദ്ധ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇന്‍ക്വിലാബ് സിന്ദാബാദ്, നരേന്ദ്ര മോദി മൂര്‍ദാബാദ്, മോദി ഗോ ബാക് വിളികളുയര്‍ന്നതോടെ സുരക്ഷാസേന ഇവരെ നീക്കി. അറസ്റ്റുചെയ്ത ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Full View
ബഹളം ശമിച്ചശേഷമാണ് മോദിക്ക് പ്രസംഗം തുടങ്ങാനായത്. അംബേദ്കറെ അനുസ്മരിച്ച് പ്രസംഗം തുടങ്ങിയ മോദി പിന്നീട് വികാരഭരിതനായി രോഹിതിന്‍െറ ആത്മഹത്യയിലേക്ക് കടക്കുകയായിരുന്നു. 21ാം നൂറ്റാണ്ട് ഇന്ത്യയെ ചെറുപ്പക്കാരനായ ഒരു രാജ്യമായാണ് കണക്കാക്കുന്നതെന്നത് സന്തോഷകരമാണെന്നും എന്നാല്‍, പുതിയ സംഭവവികാസം തന്നെ വേദനിപ്പിച്ചു എന്നും സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം വിഷയത്തിലേക്ക് കടന്നത്.
‘ചെറുപ്പക്കാരനായ ഒരു മകന്‍, രോഹിത് എന്‍െറ രാജ്യത്ത്  ജീവനൊടുക്കാന്‍ നിര്‍ബന്ധിതനായി, അദ്ദേഹത്തിന്‍െറ കുടുംബം കടന്നുപോയ ആ വേദന എനിക്ക് മനസ്സിലാകും. ഇത് കേട്ടപ്പോള്‍ അയാളുടെ മാതാപിതാക്കളുടെ അവസ്ഥയാണ് ചിന്തിച്ചത്. ഭാരതാംബക്ക് ഒരു മകനെ നഷ്ടപ്പെട്ടിരിക്കുകയാണ്. കാരണങ്ങള്‍ക്കും രാഷ്ട്രീയത്തിനും അതിന്‍േറതായ ഇടമുണ്ടാവും, എന്നാല്‍, അത് മാറ്റിവെച്ചാല്‍, ഒരു അമ്മക്ക് മകനെ നഷ്ടപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യം നിലനില്‍ക്കും. അമ്മക്ക് മകനെ നഷ്ടപ്പെടുന്നതിനെക്കാള്‍ വേദനയുണ്ടാക്കുന്ന ഒന്നുമുണ്ടാവില്ല. അവരുടെ വേദന തനിക്കു മനസ്സിലാകും. ആ കുടുംബത്തിന്‍െറ വേദനയില്‍ താനും പങ്കാളിയാവുകയാണ്. തീര്‍ച്ചയായും കാരണങ്ങളുണ്ടാവും. എന്നാല്‍, ഇന്ത്യക്ക് ഒരു മകനെ നഷ്ടമായി എന്നതാണ് സത്യം’ -മോദി പറഞ്ഞു.
35 മിനിറ്റു നീണ്ട പ്രസംഗത്തില്‍ അംബേദ്കറിന്‍െറ ജീവിതത്തിലൂന്നി പ്രതിസന്ധികളെ അതിജീവിക്കാന്‍ അദ്ദേഹം വിദ്യാര്‍ഥികളെ ഉപദേശിക്കുകയും ചെയ്തു. അംബേദ്കര്‍ പരാതിപ്പെടുകയൊ വിലപിക്കുകയൊ ചെയ്ത് സമയം പാഴാക്കിയില്ല, അദ്ദേഹം ആരില്‍നിന്നും ഒന്നും ആവശ്യപ്പെട്ടില്ല, പകരം എല്ലാ പ്രതികൂലാവസ്ഥകളെയും തടസ്സങ്ങളെയും തരണം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണമായത് കേന്ദ്രമന്ത്രിമാരായ ബന്ദാരു ദത്താത്രേയുടെയും സ്മൃതി ഇറാനിയുടെയും ഇടപെടലുകളാണെന്ന ആരോപണം രാഷ്ട്രീയവിവാദമായി വളരുകയും വ്യാപക പ്രതിഷേധമുയരുകയും ചെയ്തിട്ടും പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയാറായിരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.