ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: നിരാഹാര സമരം നാലാം ദിവസത്തിലേക്ക്

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ജീവനൊടുക്കിയ സംഭവത്തില്‍ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്നു. രോഹിതിനൊപ്പം പുറത്താക്കിയ നാല് വിദ്യാര്‍ഥികള്‍ തുടരുന്ന സമരത്തിന് സമീപത്തെ പന്തലില്‍ ഏഴ് വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് ജോയന്‍റ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. നാലുപേരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും ആരോപണങ്ങള്‍ ബാക്കിയാണെന്നും സസ്പെന്‍ഷന്‍ ഉത്തരവ് മരവിപ്പിക്കുകമാത്രമാണ് ഉണ്ടായതെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.

രോഹിത് അടക്കം അഞ്ചുപേരെ സസ്പെന്‍ഡ് ചെയ്ത ഉത്തരവില്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറും എക്സിക്യൂട്ടിവ് സബ് കമ്മിറ്റിയുമാണ് ഒപ്പുവെച്ചത്. എന്നാല്‍, ഇത് റദ്ദാക്കിയ ഉത്തരവില്‍ ഡീന്‍ സ്റ്റുഡന്‍റ് വെല്‍ഫെയര്‍ പ്രകാശ് ബാബുവാണ് ഒപ്പുവെച്ചിരിക്കുന്നത്. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇതെന്നും പൊലീസ്, കോടതി നിയമ നടപടികള്‍ ഇതിന് ബാധകമല്ളെന്നും ഉത്തരവിലുണ്ട്. ഇത് യൂനിവേഴ്സിറ്റിയുടെ അടവുനയമാണെന്ന് സമരക്കാര്‍ ആരോപിച്ചു. വെള്ളിയാഴ്ചയും ദലിത് അധ്യാപകര്‍ വിവിധ കമ്മിറ്റികളില്‍നിന്ന് രാജിവെച്ച് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.  അതേസമയം, നിരാഹാര സമരം മൂന്ന് നാള്‍ പിന്നിട്ടതോടെ ഇവരുടെ ആരോഗ്യനില മോശമായിട്ടുണ്ട്. ജോയന്‍റ് ആക്ഷന്‍ കമ്മിറ്റി ഡല്‍ഹി ചാപ്റ്റര്‍ അംഗങ്ങളും വിവിധ രാഷ്ട്രീയ, ദലിത് സംഘടനാ പ്രതിനിധികളും വെള്ളിയാഴ്ച സമരപ്പന്തലിലത്തെി.


രോഹിത് വെമുല ദലിതനല്ളെന്ന് കേന്ദ്രമന്ത്രി
കോയമ്പത്തൂര്‍: ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദലിതനല്ളെന്ന് കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി സന്തോഷ്കുമാര്‍ ഗാങ്വാര്‍. കോയമ്പത്തൂര്‍, തിരുപ്പൂര്‍ ജില്ലകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനത്തെിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. ദലിത് ആണെന്ന് ആരാണ് പറഞ്ഞതെന്ന മറുചോദ്യമാണ് മന്ത്രി ഉന്നയിച്ചത്. രോഹിത് ദലിതനല്ളെന്നും ഇപ്പോള്‍ നടക്കുന്ന സമരം രാഷ്ട്രീയപ്രേരിതം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട യുവാവാണെന്ന് ചിലര്‍ പറയുന്നുണ്ട്. അംബേദ്കര്‍ വിദ്യാര്‍ഥി യൂനിയന്‍ പ്രവര്‍ത്തകനാണെന്ന് കരുതി ഏതെങ്കിലും സമുദായത്തില്‍പ്പെട്ടയാളാണെന്ന നിഗമനത്തില്‍ എത്താനാവില്ല. ആത്മഹത്യ ചെയ്ത സംഭവം ഗൗരവത്തോടെ അന്വേഷിക്കണം. അതേസമയം, ദലിത് പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള രാഷ്ട്രീയ കക്ഷികളുടെ ശ്രമം അംഗീകരിക്കാനാവില്ളെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.