ന്യൂഡൽഹി: ഭരണ പ്രതിപക്ഷ തർക്കത്തെ തുടർന്ന് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ അരുണാചൽ പ്രദേശിൽ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രസർക്കാർ ശിപാർശ ചെയ്തു. നബാം ടുക്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ ഗവര്‍ണര്‍ പുറത്താക്കുകയും പിന്നീട് ഇൗ നടപടി ഹൈകോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിസഭ ചേർന്ന് രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്തത്.
അതേസമയം കേന്ദ്രസർക്കാറിെൻറ തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ് അറിയിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കാനും പിന്‍വാതിലിലൂടെ ഭരണം പിടിക്കാനുമുള്ള ശ്രമമാണിതെന്ന് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചു.
കഴിഞ്ഞ നവംബറിലാണ് അരുണാചൽ പ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയത്. അറുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 47 ഉം ബി.ജെ.പി.ക്ക് 11 അംഗങ്ങളുമാണുള്ളത്. രണ്ടു സ്വതന്ത്രരും. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നയങ്ങളിൽ പ്രതിഷേധിച്ച് നിയമസഭാകക്ഷി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ പ്രഖ്യാപിച്ചതോടെയാണ് അരുണാചലില്‍ കുഴപ്പങ്ങള്‍ തുടങ്ങിയത്.
പ്രതിപക്ഷമായ ബി.ജെ.പി.ക്കൊപ്പം കോണ്‍ഗ്രസ്സിലെ വിമത എം.എല്‍.എ.മാരും ചേര്‍ന്ന് അവിശ്വാസ പ്രമേയം പാസാക്കിയാണ് നബാം ടുക്കി സര്‍ക്കാറിനെ പുറത്താക്കിയത്. പിന്നീട് ഇവര്‍ ചേര്‍ന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.എ.യെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. എന്നാല്‍ ഇതടക്കം നിയമസഭയെടുത്ത എല്ലാ തീരുമാനങ്ങളും ഹൈകോടതി റദ്ദാക്കിയിരുന്നു.
മുമ്പ് 1979 നവംബറിലും അരുണാചലിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു. ജനതാപാർട്ടി ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം 76 ദിവസത്തിന് ശേഷം ജനുവരി 18ന് പിൻവലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.