മരിച്ചതല്ല, അവര്‍ കൊന്നതാണ്

കൃത്യമായ ആസൂത്രണത്തിന്‍െറയും ഭരണകൂട ഗൂഢാലോചനയുടെയും ഇരയായിരുന്നു രോഹിത്. നിയമസംവിധാനത്തെയും കോളജ് അതോറിറ്റിയെയും ഒരേസമയം ഉപയോഗപ്പെടുത്തി എ.ബി.വി.പി നടത്തിയ കണ്‍കെട്ടിന് ബി.ജെ.പി പ്രചാരണവും ആര്‍.എസ്.എസ് ചരടുവലികളും നടത്തിയപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. ആഗസ്റ്റ് രണ്ടിന് യൂനിവേഴ്സിറ്റിയിലെ ഡോക്യുമെന്‍ററി പ്രദര്‍ശനത്തില്‍നിന്നാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഡല്‍ഹി സര്‍വകലാശാലയില്‍ ‘മുസാഫര്‍ നഗര്‍ ബാക്കിഹെ’ എന്ന ഡോക്യുമെന്‍ററി പ്രദര്‍ശനം തടഞ്ഞ എ.ബി.വി.പി നടപടിയില്‍ പ്രതിഷേധിച്ച് ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലും ഇത് പ്രദര്‍ശിപ്പിച്ചു. ഇതിനെതിരെ എ.ബി.വി.പി പ്രസിഡന്‍റ് സുശീല്‍കുമാര്‍ അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ (എ.എസ്.എ) പ്രവര്‍ത്തകരെ അപഹസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

പിറ്റേദിവസം അനക്സ് ഹോസ്റ്റലിലെ സുശീല്‍കുമാറിന്‍െറ മുറിയിലത്തെിയ എ.എസ്.എ പ്രവര്‍ത്തകര്‍ ഇത് ചോദ്യംചെയ്തു. ഫേസ്ബുക് പോസ്റ്റില്‍ മാപ്പുപറഞ്ഞ സുശീല്‍കുമാര്‍ ഇത് എഴുതി നല്‍കുകയും ചീഫ് സെക്യൂരിറ്റി ഓഫിസര്‍ ഇതില്‍ ഒപ്പുവെക്കുകയും ചെയ്തു. എന്നാല്‍, പുലര്‍ച്ചെ സുശീല്‍കുമാര്‍ സമീപത്തെ അര്‍ച്ചന ആശുപത്രിയില്‍ അഡ്മിറ്റാകുകയും സര്‍ജറിക്ക് വിധേയനാവുകയും ചെയ്തു. റൂമില്‍ കയറി ആക്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി ആഗസ്റ്റ് നാലിന് ഗച്ചിബൗളി പൊലീസില്‍ പരാതിയും നല്‍കി. പിറ്റേദിവസം രാവിലെ ഏഴിന്  പൊലീസ് ഹോസ്റ്റലിലത്തെി നാല് എ.എസ്.എ പ്രവര്‍ത്തകരെ പിടികൂടി. സംഭവം പുറത്തറിഞ്ഞതോടെ അഡ്മിനിസ്ട്രേഷന്‍ ഓഫിസിനുമുന്നില്‍ തടിച്ചുകൂടിയ വിദ്യാര്‍ഥികള്‍ വിശദീകരണം ആവശ്യപെട്ടു. പ്രശ്നം അന്വേഷിക്കാന്‍ കമ്മിറ്റി രൂപവത്കരിക്കാം എന്ന തീരുമാനത്തില്‍ സമരം അവസാനിച്ചു. സുശീല്‍കുമാറിനെ ആക്രമിച്ചതിന് തെളിവില്ളെന്ന് ചൂണ്ടിക്കാട്ടിയ കമ്മിറ്റി അഞ്ചു വിദ്യാര്‍ഥികള്‍ക്കും ആറുമാസം സസ്പെന്‍ഷനും നിര്‍ദേശിച്ചു.

ഇതേസമയം, ബി.ജെ.പി രംഗറെഡ്ഡി ജില്ലാ വൈസ് പ്രസിഡന്‍റ് നന്ദനം ദിവാകര്‍ ഹൈദരാബാദില്‍നിന്നുള്ള ബി.ജെ.പിയുടെ കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയക്ക് കത്തെഴുതി. ആഗസ്റ്റ് 10ന് ലഭിച്ച ഈ കത്തിലെ ആരോപണങ്ങള്‍ കൂടുതല്‍ കടുപ്പിച്ച് വിദ്യാര്‍ഥികളെ ദേശവിരുദ്ധരും തീവ്രവാദികളും ജാതിവാദികളുമാക്കി ആഗസ്റ്റ് 17ന് ദത്താത്രേയ കത്ത് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കയച്ചു. വിഷയത്തില്‍ ഉടന്‍ ഇടപെട്ട എച്ച്.ആര്‍.ഡി വകുപ്പ് വിശദീകരണം ആവശ്യപ്പെട്ട് അഞ്ചുതവണ സര്‍വകലാശാല രജിസ്ട്രര്‍ക്ക് കത്തയച്ചു. ഒക്ടോബര്‍ 20ന് വി.സിക്ക് ലഭിച്ച കത്തില്‍ ഡിയര്‍ പ്രഫസര്‍ ആന്തുലേ എന്ന് അഭിസംബോധന ചെയ്ത് വ്യക്തിപരമായ വിഷയമായി ഇത് കാണുമെന്ന് കരുതുന്നു എന്ന് സൂചിപ്പിക്കുന്നു. വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി എടുക്കാന്‍ ഈ രാഷ്ട്രീയസമ്മര്‍ദങ്ങള്‍ യൂനിവേഴ്സിറ്റിയെ കൊണ്ടത്തെിച്ചു. സുശീല്‍കുമാറിന്‍െറ അമ്മയും അഞ്ചുപേര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു.

ആദ്യ അന്വേഷണ റിപ്പോര്‍ട്ട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഇതിനിടെ വിദ്യാര്‍ഥികള്‍ രണ്ടുദിവസം അഡ്മിനിസ്ട്രേറ്റ് ബ്ളോക് ഉപരോധിച്ചു. തുടര്‍ന്ന് അന്നത്തെ താല്‍ക്കാലിക വി.സി ആര്‍.സി. ശര്‍മ രണ്ടാമതൊരു കമ്മിറ്റിയെ നിയോഗിച്ചു. ഇതിനിടെ പുതിയ വി.സി ആയി പി. അപ്പാറാവു ചുമതലയേറ്റു. 2002ല്‍ ചീഫ് വാര്‍ഡനായിരിക്കെ ദലിത്വിരുദ്ധ പ്രവൃത്തിയില്‍ കുപ്രസിദ്ധിനേടിയിരുന്നു അപ്പാറാവു. രണ്ടാം അന്വേഷണ കമ്മിറ്റി മേധാവിയായി എത്തിയത് ആര്‍.എസ്.എസ് അംഗം അലോക് പാണ്ഡേ. ആരോപണം അന്വേഷിക്കാതെ ആദ്യ റിപ്പോര്‍ട്ട് ശരിവെക്കുകയും അഞ്ചുപേരെ പുറത്താക്കാന്‍ കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു.

സുശീല്‍കുമാറിന് മര്‍ദനമേറ്റില്ളെന്ന് പൊലീസ് കമീഷണര്‍ ഹൈകോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയത് കണക്കിലെടുക്കാതെയായിരുന്നു ഈ നടപടി. വി.സി അപ്പാറാവു ഇതിനെല്ലാം മൗനാനുവാദം നല്‍കി. സുശീല്‍കുമാറിന് മര്‍ദനമേറ്റതിന് തെളിവില്ളെന്നും അപ്പന്‍ഡൈറ്റിസിനാണ് ഇയാള്‍ സിസേറിയന് വിധേയനായതെന്നും അര്‍ച്ചന ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഡിസംബര്‍ 17ന് രോഹിത് വെമുല, ദ്വന്തപ്രസാദ്, വിജയ്, ശേഷു, സുങ്കണ്ണ എന്നിവരെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കി. യൂനിവേഴ്സിറ്റിയിലെ ഷോപ്പിങ് കോംപ്ളക്സിനരികില്‍ ‘വെള്ളിവാട’ എന്നപേരില്‍ ഷീറ്റുകൊണ്ട് മറച്ച സ്ഥലത്തായിരുന്നു ഇവരുടെ പിന്നീടുള്ള വാസം.

എ.ബി.വി.പി ഒഴികെ വിദ്യാര്‍ഥിസംഘടനകള്‍ ഒരുമിച്ച് ജോയന്‍റ് ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് അഞ്ചുപേരെയും തിരിച്ചെടുക്കണമെന്നും കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സമരരംഗത്തിറങ്ങി. അധ്യാപകരുടെയും ജീവനക്കാരുടെയും പിന്തുണകൂടി ആയതോടെ പഠനം മുടങ്ങി. എന്നാല്‍, എല്ലാ പ്രതീക്ഷകളും തെറ്റിച്ച് ജനുവരി 17ന് രോഹിത് ആത്മഹത്യ ചെയ്തു. രോഹിതിന്‍േറത് ഈ സര്‍വകലാശാലയിലെ ആദ്യമരണമല്ല.

(തുടരും)

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.