ക്ഷേത്രത്തിൽ പ്രവേശിക്കാനൊരുങ്ങിയ വനിതകളെ തടഞ്ഞു

മുംബൈ: സ്ത്രീകള്‍ക്ക് ദർശനത്തിന് നിയന്ത്രണമുള്ള ക്ഷേത്രത്തിൽ പ്രവേശിക്കാനൊരുങ്ങിയ വനിതകളെ പൊലീസ് തടഞ്ഞു. മഹാരാഷ്ട്രയിലെ അഹമദ്നഗറിലെ ഷനി ഷിന്ഗ്നാപൂർ ക്ഷേത്രത്തിലേക്കാണ് ഭൂമാതാ റാണരാഗിണി ബ്രിഗേഡ് എന്ന സംഘടനയുടെ നേതൃത്വത്തിൽ 1500 ഓളം വരുന്ന വനിതാ പ്രവര്‍ത്തകര്‍ ബലമായി പ്രവേശിക്കാൻ തയാറെടുത്തത്. ഇവരെ പ്രതിരോധിക്കാൻ ക്ഷേത്രത്തിന് സമീപമുള്ള സ്ത്രീകൾ ഉൾപ്പെടെയുളള നാട്ടുകാരുടെ നേതൃത്വത്തിൽ സംഘവും രംഗത്തെത്തി. സംഘർക്ഷ സാധ്യത മുന്നിൽ കണ്ട് പൊലീസ് വനിതാപ്രവർത്തകരെ തടയുകയായിരുന്നു.

രാജ്യത്ത് സ്ത്രീക്കും പുരുഷനും തുല്യസ്ഥാനമാണുള്ളതെന്നും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം
40 കിലോമീറ്റര്‍ അകലെ വച്ചുതന്നെ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. പ്രതിഷേധം തുടരാനും സ്ത്രീകള്‍ക്ക് വിലക്കുള്ള എല്ലാ ക്ഷേത്രങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനുമാണ് തീരുമാനം.

കഴിഞ്ഞയാഴ്ച അധികാരമേറ്റ ക്ഷേത്ര അധ്യക്ഷ അനിത ഷെത്യേ അടക്കം പ്രദേശത്തെ ഒരു വിഭാഗം സ്ത്രീകള്‍ സ്ത്രീകള്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം നല്‍കുന്നതിന് എതിരാണ്. ക്ഷേത്രാചാരങ്ങളെ സംരക്ഷിക്കണം എന്ന ആവശ്യമാണ് ഈ വിഭാഗത്തിനുള്ളത്. എന്നാല്‍ ക്ഷേത്ര പ്രവേശനത്തില്‍ ലിംഗവിവേചനം പാടില്ലെന്ന് ബി.ജെ.പി എം.പി ഹേമമാലിനിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ദേശായിയും പ്രതികരിച്ചു.

ചുറ്റുഭിത്തിയോ മേല്‍ക്കൂരയോ ഇല്ലാതെ അഞ്ചടി ഉയരത്തില്‍ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്ന ശനി ശിംഗനാപൂർ ക്ഷേത്രത്തിലേക്ക് കഴിഞ്ഞ നവംബര്‍ 28ന് ഒരു സ്ത്രീ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചിരുന്നു. അതിനുശേഷം നാല് സ്ത്രീകള്‍ കൂടി ക്ഷേത്രപ്രവേശനത്തിന് എത്തിയെങ്കിലും സുരക്ഷ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.