ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കച്ചെത്തീവ് പള്ളിപെരുന്നാള്‍ ബഹിഷ്കരിക്കുന്നു

ചെന്നൈ: ഇന്ത്യന്‍ മീന്‍പിടിത്താക്കാരോടുള്ള ശ്രീലങ്കന്‍ നിലപാടില്‍ പ്രതിഷേധിച്ച് കച്ചെത്തീവിലെ പ്രശസ്തമായ സെന്‍റ് അന്തോണീസ് പള്ളി പെരുന്നാള്‍ ബഹിഷ്കരിക്കരിക്കാന്‍ മത്സ്യമേഖലയിലെ തൊഴിലാളി സംഘടനകളുടെ സംയുക്ത ആഹ്വാനം. ജാഫ്ന ജില്ലയില്‍പെട്ട കച്ചെത്തീവ് ദ്വീപിലെ പുരാതന ആരാധനാലയത്തില്‍ നടക്കുന്ന പെരുന്നാളില്‍ പങ്കെടുക്കാന്‍ ആയിരകണക്കിന് ഇന്ത്യന്‍ പൗരന്‍മാര്‍ കടല്‍ താണ്ടിയത്തൊറുണ്ട്. അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് ഇന്ത്യന്‍ മത്സ്യ ബന്ധനത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നെന്നാരോപിച്ചാണ് ആഘോഷം ബഹിഷ്കരിക്കുന്നത്.

രാമനാഥപുരം, പുതുക്കോട്ടൈ, നാഗപട്ടണം, കാരൈക്കല്‍, പുതുച്ചേരി തീരദേശ ജില്ലകളിലെ മത്സ്യത്തൊഴിലാളി സംഘടനകളാണ് തീരുമാനം പരസ്യമാക്കിയത്. അടുത്തമാസം 20, 21 തീയതികളിലാണ് പെരുന്നാള്‍ നടക്കുന്നത്. പിടിച്ചെടുത്ത 67 ബോട്ടുകളും നിരവധി വലകളും മറ്റ് മത്സ്യബന്ധന സംവിധാനങ്ങളും ശ്രീലങ്ക വിട്ടുനല്‍കിയിട്ടില്ളെന്ന് ഇവര്‍ ആരോപിക്കുന്നു.

കഴിഞ്ഞദിവസം 102 തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചെങ്കില്‍ ബോട്ടുകളും മറ്റും തിരികെ നല്‍കിയില്ല. ഇന്ത്യ-ശ്രീലങ്ക കരാര്‍ അനുസരിച്ച് കച്ചെത്തീവിന് സമീപം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മീന്‍പിടിക്കാന്‍ അവകാശമുണ്ടെന്നും സെന്‍റ് അന്തോണീസ് പള്ളിയില്‍ പ്രവേശന അനുമതി ഉണ്ടെന്നും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളായ ദേവദോസും എസ്. എമരിയെറ്റും പറഞ്ഞു. എന്നാല്‍, കരാര്‍ ലംഘിച്ച് ശ്രീലങ്കന്‍ നേവി ഇന്ത്യക്കാരെ തടവിലാക്കുകയാണ്. അതിര്‍ത്തി ലംഘിക്കുന്നവര്‍ക്ക് ആറുമാസം തടവും അഞ്ച് ലക്ഷം രൂപവരെ പിഴയും ചുമത്തുന്ന പുതിയ ശ്രീലങ്കന്‍ നിയമത്തിനെതിരെയുള്ള പ്രതിഷേധവും പള്ളിപ്പെരുന്നാള്‍ ബഹിഷ്കരിക്കാനുള്ള കാരണമായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ പെരുന്നാളിന് തമിഴ്നാട്ടിലെ തീരദേശ ജില്ലകളില്‍ നിന്ന് സ്ത്രീകളും കുട്ടികളും അടക്കം നാലായിരം തീര്‍ഥാടകരാണ് ദര്‍ശനത്തിന് എത്തിയത്. രണ്ട് ദിവസം നീളുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതില്ല. ഇന്ത്യ-ശ്രീലങ്ക സാംസ്കാരിക ബന്ധത്തിന്‍െറ മകുടോദാഹണമായാണ് സെന്‍റ് അന്തോണീസ് പള്ളിപെരുന്നാള്‍ വിശേഷിപ്പിക്കപ്പെടുന്നത്. തമിഴ്നാട്ടിലും ശ്രീലങ്കയിലുമായി താമസിക്കുന്ന തമിഴ് കുടുംബങ്ങളുടെ വര്‍ഷത്തിലുള്ള സംഗമവേദിയായും ഈ ദിവസങ്ങളില്‍ പള്ളിപരസരം മാറും. തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ഥാടകരെ മത്സ്യ ബന്ധനബോട്ടുകളില്‍ സൗജന്യമായാണ് പള്ളിയില്‍ എത്തിച്ചിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.