ദയാവധത്തിന് നിയമമുണ്ടാക്കാമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: നിലപാടില്‍നിന്ന് വ്യതിചലിച്ച് ദയാവധത്തിന് നിയമനിര്‍മാണം നടത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിയമനിര്‍മാണത്തിന് സുപ്രീംകോടതിയുടെ തീര്‍പ്പു കാത്തിരിക്കുകയാണെന്നും പൊതു ആരോഗ്യ വകുപ്പിന് കീഴിലുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ഈ നിലപാട് എടുത്തതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഒന്നര പതിറ്റാണ്ട് നീണ്ട നിയമചര്‍ച്ചകള്‍ക്കിടയിലാണ് ഒരു സര്‍ക്കാര്‍ ദയാവധത്തിന് അനുകൂല നിലപാടെടുക്കുന്നത്.
ജീവിതത്തിലേക്ക് തിരിച്ചുവരില്ളെന്ന് ഉറപ്പുള്ള ഒരാളുടെ ജീവന്‍ വെന്‍റിലേറ്ററിന്‍െറ സഹായത്തോടെ നിലനിര്‍ത്തണോ, രോഗിയുടെ ഇഷ്ടം പോലെ മരിക്കാന്‍ അനുവദിക്കണമോ എന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. അതിന്‍െറ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ദയാവധത്തിന് അനുകൂല നിലപാടെടുത്തത്. ദയാവധം നിയമമാക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നേതൃത്വം നല്‍കുന്ന കോമണ്‍ കോസ് എന്ന സര്‍ക്കാറേതര സന്നദ്ധ സംഘടന നല്‍കിയ ഹരജിയിലാണ് സത്യവാങ്മൂലം.
മാരകരോഗത്തിന് കീഴടങ്ങുകയും ആരോഗ്യപൂര്‍ണമായ ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ളെന്ന് ഡോക്ടര്‍ വിധിയെഴുതുകയും ചെയ്ത ഒരാളുടെ ജീവന്‍ വെന്‍റിലേറ്ററിന്‍െറ സഹായത്തോടെ നിലനിര്‍ത്തുന്നതിനോടു യോജിപ്പില്ളെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി.
വിവേകപൂര്‍ണമായ മുന്‍കരുതല്‍ എന്ന നിലയിലാണ് ധിറുതിപിടിച്ച് തീരുമാനം എടുക്കാതിരുന്നത്. നിയമം  ദുരുപയോഗം ചെയ്യുമെന്ന ഭീതിയാണ് അനുകൂലമായ നിലപാട് കൈക്കൊള്ളുന്നതില്‍നിന്ന് തടഞ്ഞത്.
2002ല്‍ ലോക്സഭയില്‍ സ്വകാര്യ ബില്ലിലൂടെയാണ് ദയാവധത്തിന് നിയമനിര്‍മാണം വേണമെന്ന ആവശ്യം ആദ്യമുയര്‍ന്നത്. 2006ല്‍ ദയാവധം നിയമമാക്കാന്‍ നിയമ കമീഷന്‍ ശിപാര്‍ശ ചെയ്തു. എന്നാല്‍, ആരോഗ്യ മന്ത്രാലയം എതിര്‍ത്തു. അതോടെ നിയമനിര്‍മാണത്തിന്‍െറ ചര്‍ച്ച നിലച്ചു. പിന്നീട് കൂട്ട മാനഭംഗത്തിനിരയായി മസ്തിഷ്ക മരണം സംഭവിച്ച മുംബൈയിലെ അരുണ ഷാന്‍ബാഗ് എന്ന നഴ്സിന് ദയാവധം അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതിക്ക് മുമ്പാകെയത്തെി.  
2011ല്‍ അരുണ ഷാന്‍ബാഗിന് രണ്ടംഗ സുപ്രീംകോടതി ബെഞ്ച് ആദ്യം ദയാവധം അനുവദിച്ചെങ്കിലും മൂന്നംഗ ബെഞ്ച് വിധി റദ്ദാക്കി. ദയാവധം അനുവദിക്കണമെങ്കില്‍ ശക്തമായ നടപടിക്രമം പാലിക്കണമെന്നും മാര്‍ഗനിര്‍ദേശം തയാറാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തുടര്‍ന്നാണ് ദയാവധത്തിന്‍െറ നടപടിക്രമം സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ കമീഷനെ ചുമതലയേല്‍പിച്ചത്.
രണ്ടുവര്‍ഷത്തെ പഠനത്തിനൊടുവില്‍ കഴിഞ്ഞ ജൂണില്‍ കമീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. പിന്നീടാണ് കേസ് ഭരണഘടനാ ബെഞ്ചിനു മുമ്പിലത്തെിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.