ന്യൂഡല്‍ഹി: അടുത്തവര്‍ഷം ഉത്തര്‍പ്രദേശില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കോണ്‍ഗ്രസും ആര്‍.എല്‍.ഡിയുമായി സഖ്യമുണ്ടാക്കാന്‍ ജെ.ഡി.യുവിന്‍െറ നീക്കം. ബിഹാര്‍ തെരഞ്ഞെടുപ്പിന്‍െറ വിജയ മാതൃക യു.പിയിലും പരീക്ഷിക്കാനാണ് നേതാക്കളുടെ നീക്കം. ബി.ജെ.പിക്കെതിരെ വിശാല സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച് രാഷ്ട്രീയ ലോക് ദള്‍ നേതാവ് അജിത് സിങ്ങും ജെ.ഡി.യു നേതാവ് ശരദ് യാദവും രണ്ടുദിവസം മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, യു.പിയിലെ പ്രബല പാര്‍ട്ടികളായ സമാജ്വാദി പാര്‍ട്ടി, ബി.എസ്.പിയും ജെ.ഡി.യുവുമായുള്ള സഖ്യസാധ്യത തള്ളി.
ശരദ് യാദവിന്‍െറ ആത്മകഥ കഴിഞ്ഞമാസം ഡല്‍ഹിയില്‍ പുറത്തിറക്കിയപ്പോള്‍ അജിത് സിങ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി സഖ്യസാധ്യത ചര്‍ച്ചചെയ്തിരുന്നു. ഗോരഖ്പുര്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ യു.പിയില്‍ സാന്നിധ്യമുള്ള പീസ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ അയ്യൂബ് അന്‍സാരിയും നിതീഷ് കുമാറും ജെ.ഡി.യു ജനറല്‍ സെക്രട്ടറി കെ.സി. ത്യാഗിയുമായി വിഷയം ചര്‍ച്ച ചെയ്തു.
ഞായറാഴ്ച ലഖ്നോവില്‍ ചേരുന്ന ജെ.ഡി.യുവിന്‍െറ സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിനുശേഷം സഖ്യം സംബന്ധിച്ച് കൂടുതല്‍ വ്യക്തതവരുമെന്ന് നേതാക്കള്‍ പറഞ്ഞു. ബി.ജെ.പിക്ക് ബദലായി സഖ്യം രൂപവത്കരിക്കുന്നതിന് അതീവ താല്‍പര്യമുണ്ടെന്ന് ത്യാഗി പറഞ്ഞു. ഇത്തരമൊരു പ്രചാരണത്തില്‍ ആര്‍.എല്‍.ഡി പ്രധാനഘടകമാണെന്നും അവരില്ലാത്ത സഖ്യം വടക്കന്‍ യു.പിയില്‍ ജയിക്കാന്‍ പ്രയാസമാണെന്നും ത്യാഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.