അതിര്‍ത്തി മദ്റസകള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമെന്ന് ബി.ജെ.പി

കൊല്‍ക്കത്ത: ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകള്‍ തീവ്രവാദത്തിന്‍െറയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായി മാറുകയാണെന്നും അതിനാല്‍  അതിര്‍ത്തി ഉടന്‍ അടക്കണമെന്നും ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആവശ്യപ്പെട്ടു. ഈ മദ്റസകള്‍ക്ക് വിദേശ രാജ്യങ്ങളില്‍നിന്ന്  ധനസഹായം ലഭിക്കുന്നുണ്ട്. ഇവ കൂട്ടായാണ് പ്രവര്‍ത്തിക്കുന്നത്.  
അതിര്‍ത്തി  വഴി കള്ളക്കടത്തും  അനധികൃത കന്നുകാലി വ്യാപാരവും നടക്കുന്നു. ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഇതേ കാര്യങ്ങള്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. എന്നാല്‍, അന്ന് പാര്‍ട്ടിയുടെ സമ്മര്‍ദത്തെതുടര്‍ന്ന്  പ്രസ്താവന അദ്ദേഹം  പിന്‍വലിച്ചെങ്കിലും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒരാള്‍ പറഞ്ഞത് അങ്ങനെ തള്ളിക്കളയാനാകില്ല.

ഇന്‍റലിജന്‍സ് ബ്യൂറോയുടെയും പൊലീസിന്‍െറയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഭട്ടാചാര്യ പറഞ്ഞിട്ടുണ്ടാവുക. ബംഗാള്‍, പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നുഴഞ്ഞുകയറ്റം നിലച്ചിട്ടുണ്ട്. എന്നാല്‍, ബംഗ്ളാദേശ് അതിര്‍ത്തിയില്‍ അത് തുടരുന്നു. എവിടെയെങ്കിലും  സ്ഫോടനമോ തീവ്രവാദി ആക്രമണമോ ഉണ്ടായാല്‍ അന്വേഷണം നീളുന്നത് ബംഗ്ളാദേശിലേക്കും അതിര്‍ത്തി ഭാഗങ്ങളിലേക്കുമാണ്. അസമില്‍ പുതുതായി അധികാരമേറ്റ ബി.ജെ.പി സര്‍ക്കാര്‍ അതിര്‍ത്തി അടക്കാന്‍ നടപടി ആവശ്യപ്പെട്ടതുപോലെ സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിക്കാത്തതെന്തെന്ന് ദിലീപ് ഘോഷ് ചോദിച്ചു. ജെ.എന്‍.യു, ജാദവ്പുര്‍, ഹൈദരാബാദ് യൂനിവേഴ്സിറ്റികള്‍ക്ക് ഒരേ സ്വഭാവമാണ്. അവിടെനിന്നെല്ലാം ദേശവിരുദ്ധ മുദ്രാവാക്യമുയര്‍ന്നു. മറ്റ് യൂനിവേഴ്സിറ്റികളില്‍ ഇതുപോലുള്ള വിവാദങ്ങള്‍ കാണാനാകില്ല. ബി.ജെ.പി ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ളെന്നും ഘോഷ് കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.