ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍െറ കാലാവധി അവസാനിക്കാനിരിക്കെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയമിച്ചു. കീഴ്വഴക്കം മാറ്റിവെച്ചാണ് കേന്ദ്രം കാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹയുടെ നേതൃത്വത്തില്‍ സെലക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചത്.
രഘുറാം രാജന് കാലാവധി നീട്ടിനല്‍കുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് നടപടി. നേരത്തേ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) തുടങ്ങിയ സ്ഥാപനമേധാവികളെ തെരഞ്ഞെടുത്തിരുന്ന മാതൃകയിലാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെ തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
സമിതി തയാറാക്കുന്ന പാനലില്‍നിന്നായിരിക്കും നിയമനം. ഫിനാന്‍ഷ്യല്‍ സെക്ടര്‍ റെഗുലേറ്ററി അപ്പോയിന്‍മെന്‍റ് സെര്‍ച് കമ്മിറ്റിയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നിയമനം നടത്തുന്നത്. പുതിയ സമിതിയില്‍ കാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹക്ക് പുറമെ പ്രധാനമന്ത്രിയുടെ അഡീഷനല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്ര, സെന്‍റര്‍ ഓഫ് പോളിസി റിസര്‍ച് മേധാവി രാജീവ് കുമാര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ഗ്രോത്തിലെ മാനോജ് പാണ്ഡെ, ഗുജറാത്ത് നാഷനല്‍ ലോ യൂനിവേഴ്സിറ്റിയിലെ ബിമല്‍ എന്‍. പട്ടേല്‍ എന്നിവര്‍ അംഗങ്ങളാണ്.
സമിതി തയാറാക്കുന്ന പാനല്‍ പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന നിയമനക്കമ്മിറ്റി പരിശോധിച്ചശേഷമായിരിക്കും അന്തിമ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.