കല്‍ബുര്‍ഗി, പന്‍സാരെ, ദാഭോല്‍കര്‍: ഒറ്റക്കേസായി അന്വേഷിച്ചേക്കും

മുംബൈ: നരേന്ദ്ര ദാഭോല്‍കറെയും ഗോവിന്ദ പന്‍സാരെയെയും എം.എം. കല്‍ബുര്‍ഗിയെയും കൊലപ്പെടുത്തിയത് ഒരേ തോക്കുകൊണ്ടാണെന്ന് തെളിഞ്ഞാല്‍ ഒറ്റക്കേസാക്കി സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ബോംബെ ഹൈകോടതി നിര്‍ദേശിച്ചേക്കും. മൂവരെയും കൊല്ലാന്‍ ഒരേ തോക്കാണോ ഉപയോഗിച്ചതെന്ന കാര്യത്തില്‍ മുംബൈയിലെയും ബംഗളൂരുവിലെയും ഫോറന്‍സിക് ലാബുകള്‍ക്ക് ഭിന്നാഭിപ്രായമാണുള്ളത്. ഇതേതുടര്‍ന്ന് ദാഭോല്‍കര്‍ കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം സ്കോട്ട്ലന്‍ഡ് യാഡ് പൊലീസിന്‍െറ സഹായം തേടിയിരിക്കുകയാണ്.
പരിശോധനാഫലം വരുന്നതുവരെ പന്‍സാരെ കൊലക്കേസില്‍ അറസ്റ്റിലായ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകന്‍ സമീര്‍ ഗെയ്ക്വാദിനെതിരെ കുറ്റംചുമത്തുന്നതിന് സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ബോംബെ ഹൈകോടതി. ഹൈകോടതിയുടെ നിരീക്ഷണത്തിലാണ് പന്‍സാരെ, ദാഭോല്‍കര്‍ കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നത്. വിവരാവകാശപ്രവര്‍ത്തകനായ മുന്‍ ക്രൈംറിപ്പോര്‍ട്ടര്‍ കേതന്‍ തിരോധ്കറും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും നല്‍കിയ ഹരജിയിലാണ് ഹൈകോടതിയുടെ ഇടപെടല്‍.
നിലവില്‍ പന്‍സാരെ കേസ് മഹാരാഷ്ട്ര സി.ഐ.ഡിയും ദാഭോല്‍കര്‍ കേസ് സി.ബി.ഐയുമാണ് അന്വേഷിക്കുന്നത്. കല്‍ബുര്‍ഗി കൊലക്കേസ് അന്വേഷിക്കുന്ന കര്‍ണാടക സി.ഐ.ഡിയുമായി സഹകരിക്കനും അവരില്‍നിന്ന് വിവരങ്ങളും തെളിവുകളും ശേഖരിക്കാനും കോടതി കേന്ദ്ര ഏജന്‍സി എന്ന നിലയില്‍ സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയിരുന്നു. അടുത്ത 23നാണ് കേസന്വേഷണത്തിലെ പുരോഗതി ഇരു ഏജന്‍സികളും കോടതിയെ അറിയിക്കേണ്ടത്. അപ്പോഴേക്ക് സ്കോട്ട്ലന്‍ഡ് യാഡ് പൊലീസിന്‍െറ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.