കേന്ദ്രമന്ത്രിസഭ പുന:സംഘടനാ ചര്‍ച്ച വീണ്ടും

ന്യൂഡല്‍ഹി: രണ്ടുവര്‍ഷം പിന്നിട്ട കേന്ദ്രമന്ത്രിസഭ പുന$സംഘടിപ്പിക്കുന്നതിനെക്കുറിച്ച് വീണ്ടും ചര്‍ച്ച സജീവം. അടുത്ത വര്‍ഷം നടക്കേണ്ട യു.പി, ഗുജറാത്ത്, ഗോവ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് വൈകാതെ പുന$സംഘടന നടക്കുമെന്നാണ് സൂചന. ജൂണ്‍ 19നും 23നുമിടയില്‍ രാഷ്ട്രപതിക്ക് ഡല്‍ഹിക്ക് പുറത്ത് യാത്രാ പരിപാടികളുണ്ടോ എന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷിച്ചത് ഊഹാപോഹങ്ങള്‍ക്ക് ആക്കം പകര്‍ന്നു.
ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗം കഴിഞ്ഞതിനെ തുടര്‍ന്ന് ബി.ജെ.പിയില്‍ ചില മാറ്റങ്ങള്‍ക്ക് പ്രസിഡന്‍റ് അമിത് ഷാ ഒരുങ്ങുകയാണ്. ഇതിനൊപ്പമാണ് മന്ത്രിസഭാ മാറ്റത്തെക്കുറിച്ച ആലോചന.

കേന്ദ്രമന്ത്രിയായിരുന്ന സര്‍ബാനന്ദ സൊനോവാള്‍ അസം മുഖ്യമന്ത്രിയായി. പഞ്ചാബ് ബി.ജെ.പി പ്രസിഡന്‍റായി മറ്റൊരു കേന്ദ്രമന്ത്രി വിജയ് സാംപ്ളയും നിയമിതനായി. ഈ ഒഴിവുകള്‍ നികത്താനുണ്ട്. യു.പിയിലേക്ക് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ഗുജറാത്തിലേക്ക് അമിത് ഷാ, ഗോവയിലേക്ക് മനോഹര്‍ പരീകര്‍ എന്നിവരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായി ഉയര്‍ത്തിക്കാട്ടാന്‍ ബി.ജെ.പി ആലോചിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, ഇവരെ മാറ്റാനിടയില്ളെന്നാണ് പുതിയ വിവരം.

തെരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മറ്റാരെയാണ് ഉയര്‍ത്തിക്കാട്ടാന്‍ ഉദ്ദേശിക്കുന്നതെന്ന കാര്യത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അവ്യക്തതയുണ്ട്. കാതലായ തീരുമാനങ്ങള്‍ മോദി-അമിത് ഷാ കൂട്ടുകെട്ട് അവസാന നിമിഷം വരെ രഹസ്യമാക്കി വെക്കുന്നതിനാല്‍ മറ്റു നേതാക്കള്‍ക്കാകട്ടെ, തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ കാര്യമായ റോളില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.