അടിയന്തരാവസ്ഥ വാര്‍ഷികത്തില്‍ നെഹ്റു കുടുംബത്തിനെതിരെ ബി.ജെ.പി

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയുടെ മറ്റൊരു വാര്‍ഷികം കടന്നുപോയതിനിടയില്‍, ഇതിനെതിരായ വിമര്‍ശം കൊഴുപ്പിച്ച് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി തുടങ്ങിയവരാണ് നെഹ്റു കുടുംബത്തിനെതിരെ ആക്രമണം നടത്തിയത്.

അടിന്തരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണ് മുന്‍പ്രധാനമന്ത്രി ഇന്ദിരഗാന്ധി ചെയ്തതെന്ന് നരേന്ദ്ര മോദിയും ജെയ്റ്റ്ലിയും പറഞ്ഞു. 2011-12 കാലത്ത് മറ്റൊരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശ്രമിച്ചെന്ന പുതിയ ആരോപണമാണ് സ്വാമി ഉയര്‍ത്തിയത്. 49 കേന്ദ്രമന്ത്രിമാരാണ് ദേശവ്യാപകമായി അടിയന്തരാവസ്ഥക്കെതിരായ പരിപാടികളില്‍ പങ്കെടുത്തത്.  വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ എ.എ.പി എം.എല്‍.എ ദിനേശ് മൊഹാനിയയെ അറസ്റ്റ്ചെയ്ത സംഭവം ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ അടിയന്തരാവസ്ഥ നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു.

അടിയന്തരാവസ്ഥയുടെ വാര്‍ഷികവേളയില്‍ ഇതിനു പരോക്ഷമായി മറുപടി പറയാന്‍ റേഡിയോയിലെ മന്‍ കി ബാത് പരിപാടിയില്‍ മോദി സമയം നീക്കിവെച്ചു. ഇന്ന് ജനാധിപത്യത്തില്‍ നാം അഭിമാനിക്കുന്നു. എന്നാല്‍, 41 കൊല്ലം മുമ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പൗരാവകാശം കൊലചെയ്യപ്പെടുകയായിരുന്നുവെന്നും രാജ്യം ജയിലായി മാറിയെന്നും മോദി പറഞ്ഞു. ഇന്ത്യയെ കുടുംബഭരണത്തിലേക്കു മാറ്റുകയാണ് ഇന്ദിരഗാന്ധി ചെയ്തതെന്ന് അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ അടിയന്തരാവസ്ഥയില്‍ തടങ്കലിലാക്കി. അതേക്കുറിച്ച് വാദംകേള്‍ക്കാന്‍ കോടതികള്‍ക്ക് അധികാരമില്ളെന്നായി. സഞ്ജയ് ഗാന്ധിയെ പിന്‍ഗാമിയായി ഉയര്‍ത്തിക്കാട്ടിയ ഇന്ദിര കുടുംബവാഴ്ച ഉറപ്പാക്കാനാണ് ശ്രമിച്ചത്.

സ്വാതന്ത്ര്യത്തിനുശേഷമുള്ള കോണ്‍ഗ്രസിന്‍െറ ചരിത്രം പരിശോധിച്ചാല്‍, രണ്ടു പതിറ്റാണ്ട് സാമ്പത്തിക പരിഷ്കാരം വൈകിപ്പിച്ചത് ആ പാര്‍ട്ടിക്കുമേല്‍ കറുത്ത പാടായി. 1975ല്‍ അടിയന്തരാവസ്ഥ പ്രഖാപിച്ചതും ബ്ളൂസ്റ്റാര്‍ ഓപറേഷനും അഴിമതി വളര്‍ത്തിയതും കോണ്‍ഗ്രസ്ചെയ്ത പാപങ്ങളായി ജെയ്റ്റ്ലി ഫേസ്ബുക് പോസ്റ്റില്‍ വിവരിച്ചു.  ഹിന്ദുത്വ ഭീകര സംഘങ്ങളെക്കുറിച്ച് ഊഹാപോഹം പ്രചരിപ്പിച്ചാണ് മറ്റൊരു രാഷ്ട്രീയ അടിയന്തരാവസ്ഥക്ക് സോണിയ പദ്ധതിയിട്ടതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.