ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റും എ.ഐ.എസ്.എഫ് നേതാവുമായ കനയ്യ കുമാര്‍ ഇന്ത്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് വിഡിയോ തെളിവില്ളെന്ന് ഡല്‍ഹി പൊലീസ്. പക്ഷേ, സംഭവത്തിന് തങ്ങള്‍ ദൃക്സാക്ഷികളാണെന്നും പൊലീസ് പറഞ്ഞു. കനയ്യ കുമാറിന്‍െറ ജാമ്യഹരജി പരിഗണിക്കവേ ഡല്‍ഹി ഹൈകോടതി ജഡ്ജിയുടെ ചോദ്യത്തിനാണ് പൊലീസിന്‍െറ മറുപടി. ഹരജിയില്‍ വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. കനയ്യ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കുന്നതിന്‍െറ സി.സി.ടി.വി ദൃശ്യങ്ങളുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. നേരത്തെ കനയ്യക്കെതിരെ വിഡിയോ തെളിവുകളുണ്ടെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചിരുന്നു. കോടതിയില്‍ മലക്കം മറിഞ്ഞതിനെതിരെ പൊലീസിനെ കോടതി വിമര്‍ശിച്ചു. അതിനിടെ, രാജദ്രോഹക്കുറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ട ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരുടെ പൊലീസ് കസ്റ്റഡി ഒരു ദിവസം നീട്ടി.
രാജ്യദ്രോഹ കേസ് സ്പെഷല്‍ സെല്ലിന് കൈമാറിയെന്നും പൊലീസ് അറിയിച്ചു. ജെ.എന്‍.യുവില്‍ ഫെബ്രുവരി ഒമ്പതിന് നടന്ന അഫ്സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ പുറത്തുനിന്നുള്ളവരുള്‍പ്പെടെ 22 പേര്‍ പങ്കെടുത്തുവെന്നും പൊലീസ് അറിയിച്ചു. ഇവരില്‍ വിദേശത്തുനിന്നുള്ളവരുണ്ടെന്ന് സംശയിക്കുന്നതായും ഉമര്‍ ഖാലിദിനെയും അനിര്‍ബനെയും ചോദ്യം ചെയ്യലില്‍ ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് കോടതിയില്‍ അറിയിച്ചു. മൂവരുടെയും കസ്റ്റഡി വിവരങ്ങള്‍ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും കസ്റ്റഡിയില്‍ ആര്‍ക്കും ഒരു പോറല്‍പോലും ഏറ്റിട്ടില്ളെന്നും പൊലീസ് വ്യക്തമാക്കി.
എന്നാല്‍, പട്യാല കോടതി പരിസരത്തുവെച്ച് കനയ്യ കുമാറിന് മര്‍ദനമേറ്റെന്ന് അഭിഭാഷകന്‍ വാദിച്ചു.
കോടതിയില്‍ ഡല്‍ഹി സര്‍ക്കാര്‍ കനയ്യക്ക് അനുകൂല നിലപാട് സ്വീകരിച്ചു. കനയ്യ രാജ്യവിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയതിന് സാക്ഷികളോ തെളിവുകളോ ഇല്ളെന്നും കനയ്യയെ വെറുതെ വിടണമെന്നുമാണ് ഡല്‍ഹി സര്‍ക്കാറിന്‍െറ നിലപാട്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കനയ്യക്കുവേണ്ടി കോടതിയില്‍ ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.