ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ അറസ്റ്റു ചെയ്ത ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇരുവരുടെയും പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്ന് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയായിരുന്നു. കാമ്പസില്‍ നടന്ന അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങിന്‍െറ സംഘാടകരായ ഇവര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മൂഴക്കി എന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിന്‍െറ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈകോടതി ചൊവ്വാഴ്ച വിധിപറയും. അതിനിടെ, ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍െറ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും പൗരാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് ചൊവ്വാഴ്ച പാര്‍ലമെന്‍റിലേക്ക് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരെ കെട്ടിച്ചമച്ച കേസുകള്‍ പിന്‍വലിക്കുക, രാജ്യദ്രോഹ നിയമം റദ്ദാക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനം അവസാനിപ്പിക്കാന്‍ ‘രോഹിത് നിയമം’ നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മണ്ഡി ഹൗസില്‍നിന്ന് മാര്‍ച്ചു നടത്തുക. രാജ്യത്തും വിദേശത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഐക്യദാര്‍ഢ്യമാര്‍ച്ച് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.