തൃണമൂല്‍ ഒറ്റക്ക് മത്സരിക്കും; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കൊല്‍ക്കത്ത: ഏപ്രിലില്‍ ആരംഭിക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്‍െറ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തൃണമൂലിന്‍െറ സ്ഥാനാര്‍ഥികളെയും മമത പ്രഖ്യാപിച്ചു. 2011 നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പമാണ് സി.പി.എമ്മിനെ വിജയകരമായി നേരിട്ടത്.
വനിതാ സ്ഥാനാര്‍ഥികള്‍ കഴിഞ്ഞതവണത്തെ 31ല്‍നിന്ന് 45 ആയി ഉയര്‍ത്തി. ന്യൂനപക്ഷ സ്ഥാനാര്‍ഥികളുടെ എണ്ണം 38ല്‍നിന്ന് 57 ആക്കിയിട്ടുണ്ട്.
ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മദന്‍ മിത്രയും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ക്യാപ്റ്റന്‍ ബൈച്യുങ് ബൂട്ടിയ, ബി.സി.സി.ഐ പ്രസിഡന്‍റായിരുന്ന ജഗ്മോഹന്‍ ഡാല്‍മിയയുടെ മകള്‍ ബൈശാലി ഡാല്‍മിയ, ബംഗാള്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ലക്ഷ്മി രത്തന്‍ ശുക്ള, ഫുട്ബാള്‍ താരം റഹീം നബി എന്നിവരും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. സംസ്ഥാനത്ത് ആറു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള കമീഷന്‍െറ തീരുമാനത്തെ ശ്ളാഘിച്ച മമത സംസ്ഥാനത്ത് സ്ഥിതിഗതികള്‍ ശാന്തമാണെന്നും അവകാശപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.