പാകിസ്താന് എഫ്-16 യുദ്ധവിമാനങ്ങള്‍:  അമേരിക്ക വിജ്ഞാപനമിറക്കി

വാഷിങ്ടണ്‍: ഇന്ത്യയുടെ ശക്തമായ എതിര്‍പ്പുകള്‍ക്കിടെ പാകിസ്താന് എട്ട് എഫ്-16 യുദ്ധവിമാനങ്ങള്‍ നല്‍കാനുള്ള വിജ്ഞാപനം അമേരിക്ക പുറപ്പെടുവിച്ചു. ഏതാനും അമേരിക്കന്‍ നിയമജ്ഞരുടെ പ്രതിഷേധത്തെയും അവഗണിച്ചാണ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. മൊത്തം 700 ദശലക്ഷം അമേരിക്കന്‍ ഡോളറിനാണ് ഇടപാട്. തെക്കന്‍ ഏഷ്യയിലെ തന്ത്രപ്രധാന മേഖലയിലെ സഖ്യരാഷ്ട്രത്തിന് യുദ്ധവിമാനങ്ങള്‍ നല്‍കുന്നതിലൂടെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ കൂടുതല്‍ സംരക്ഷിക്കപ്പെടുമെന്ന്് വിജ്ഞാപനം പുറപ്പെടുവിച്ചുകൊണ്ട് അമേരിക്കയിലെ ഡിഫന്‍സ് സെക്യൂരിറ്റി കോഓപറേറ്റീവ് ഏജന്‍സി, ജനപ്രതിനിധി സഭാ സ്പീക്കര്‍ പോള്‍ റയാന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. 

പാകിസ്താന് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ നല്‍കിയാല്‍ അത് മേഖലയില്‍ തീവ്രവാദ ഭീഷണി വര്‍ധിപ്പിക്കുമെന്ന് ഇന്ത്യ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയിലും ഈ ഇടപാടിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. റിപ്പബ്ളിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോള്‍ ആയുധ ഇടപാടിനെതിരെ  പ്രതിഷേധിക്കുകയും സെനറ്റിലെ മറ്റംഗങ്ങളോട് പ്രതിഷേധത്തില്‍ പങ്കുചേരാന്‍ ആവശ്യപ്പെടുകയും ചെയ്തു.  പാകിസ്താന്‍ നേരത്തെ അമേരിക്കയില്‍നിന്ന് 18 എഫ്-16 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധികാരണം അത് എട്ടായി ചുരുക്കുകയായിരുന്നുവെന്ന് പാക് പ്രസിഡന്‍റിന്‍െറ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു. പാകിസ്താന്‍െറ തീവ്രവാദ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് വിമാനങ്ങള്‍ വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.