യു.പി ലെജിസ്ലേറ്റിവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: സമാജ് വാദി പാര്‍ട്ടി തൂത്തുവാരി

ലഖ്നോ: ഉത്തര്‍പ്രദേശില്‍ ലെജിസ്ളേറ്റിവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിക്ക് വന്‍ വിജയം. തെരഞ്ഞെടുപ്പ് നടന്ന 28 സീറ്റുകളില്‍ 23ലും പാര്‍ട്ടി വിജയിച്ചു. ബി.ജെ.പിക്ക് ഒറ്റ സീറ്റുപോലും നേടാനായില്ല. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് സമാജ് വാദി പാര്‍ട്ടിക്ക് ആത്മവിശ്വാസം പകരുന്നതാണ് വിജയം. മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി രണ്ട് സീറ്റുും കോണ്‍ഗ്രസ് ഒരു സീറ്റും നേടി.

പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. നിലവിലെ നിയമസഭാംഗം ദിനേഷ് പ്രതാപ് സിങ്ങാണ് വിജയിച്ചത്. രണ്ട് സീറ്റുകള്‍ സ്വതന്ത്രര്‍ സ്വന്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാണസി ലോക്സഭ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായ ബ്രിജേഷ് സിങ് സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി മീണ സിങ്ങിനെ പരാജയപ്പെടുത്തി.

2014ലെ ലോക്സഭാ പൊതുതെരഞ്ഞെടുപ്പില്‍ 80ല്‍ 71 സീറ്റുകളും കൈയിലൊതുക്കിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്  നേരിട്ടത്. പണവും കായികശേഷിയും ഉപയോഗിച്ച് നേടിയ ജയമാണ് സമാജ്വാദി പാര്‍ട്ടിയുടേതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ലെജിസ്ളേറ്റിവ് കൗണ്‍സിലിലെ 35 സീറ്റുകളിലെ തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ഏഴു സീറ്റില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മത്സരം 28 സീറ്റുകളിലേക്കൊതുങ്ങിയത്.

ഗോരഖ്പൂര്‍ മണ്ഡലത്തില്‍ സമാജ്വാദി പാര്‍ട്ടി പുറത്താക്കിയ സി.പി. ചന്ദ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി വിജയിച്ചു. മത്സരിക്കാന്‍ അനുമതിനല്‍കിയ ശേഷമാണ് ചന്ദിനെ പാര്‍ട്ടി പുറത്താക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഇദ്ദേഹത്തെ പാര്‍ട്ടിയുടെ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. പാര്‍ട്ടിയുടെ വികസന അജണ്ട ജനങ്ങള്‍ സ്വീകരിച്ചതിന്‍െറ തെളിവാണ് വിജയമെന്ന് സമാജ്വാദി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.